ഒമാന്‍: ഒന്നരവര്‍ഷമായി ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലില്‍ (57) മോചിതനായി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ഇടപെടലാണ് മോചനത്തിന് വഴിവെച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ ഒമാന്റെ റോയല്‍ എയര്‍ഫോഴ്സ് വിമാനത്തില്‍ മസ്‌കറ്റിലെത്തിയ ഫാ. ടോമിനെ അല്‍പസമയത്തിനുശേഷം റോമിലേക്ക് പ്രത്യേകവിമാനത്തില്‍ കൊണ്ടുപോയി. വത്തിക്കാനിലേക്കാണ് യാത്ര എന്നാണ് സൂചന.
യെമെന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഉഴുന്നാലിലിന്റെ മോചനം സ്ഥിരീകരിച്ചത്. സുല്‍ത്താന്റെ അഭ്യര്‍ഥനപ്രകാരം ഒമാന്‍ അധികൃതര്‍ യെമെനി പാര്‍ട്ടികളുമായി ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനമാണ് മോചനത്തിനിടയാക്കിയതെന്നായിരുന്നു വാര്‍ത്താക്കുറിപ്പ്. വൈകാതെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.
ഒമാന്റെ പരമ്പരാഗതവസ്ത്രം ധരിച്ച് സുല്‍ത്താന്‍ ഖാബൂസിന്റെ ചിത്രത്തിനുമുന്നില്‍ നില്‍ക്കുന്ന ഉഴുന്നാലിലിന്റെ ചിത്രമാണ് ഒമാന്‍ ആദ്യം പുറത്തുവിട്ടത്. ആരോഗ്യവാനായാണ് അദ്ദേഹം ഇതില്‍ കാണപ്പെട്ടത്. അദ്ദേഹം മസ്‌കറ്റിലെത്തുന്ന ദൃശ്യങ്ങള്‍ പിന്നീട് ഒമാന്‍ ടി.വി. പുറത്തുവിട്ടു.
2016 മാര്‍ച്ച് നാലിന് യൈമനിലെ ഈഡനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു ഭീകരര്‍ കോട്ടയം രാമപുരം സ്വദേശിയായ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ മോചനത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വത്തിക്കാനും ഏറെക്കാലമായി ശ്രമിക്കുകയായിരുന്നു. ഇതിനിടെ, വത്തിക്കാന്‍ നേരിട്ട് ഒമാന്‍ ഭരണാധികാരിയുടെ സഹായം അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് ഒമാന്‍ വിദേശമന്ത്രാലയം മോചനത്തിനായി ശ്രമം തുടങ്ങിയത്.