ദുബായ്: ദുബായില്‍ ജോലി ചെയ്യുന്ന മലയാളി ക്യാമറാമാന്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന്റെ നിറവില്‍. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിബിന്‍ ജോസിനാണ് ഇപ്രാവശ്യത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച ഡോക്യുമെന്ററി ഛായാഗ്രഹകനുള്ള അവാര്‍ഡ്. അടിസ്ഥാന വര്‍ഗത്തില്‍ നിന്നുള്ള മൂന്നു വനിതകളുടെ അതിജീവന ശ്രമങ്ങളെ ആവിഷ്‌കരിച്ച ഇന്‍ തണ്ടര്‍, ലൈറ്റ്‌നിങ് ആന്‍ഡ് റെയിന്‍ എന്ന ഡോക്യുമെന്ററിയിലെ ഛായാഗ്രഹണത്തിനാണ് ജിബിനെ പുരസ്‌കാരം തേടിയെത്തിയത്. ഡോ. രാജേഷ് ജെയിംസ് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററിക്ക് തന്നെയാണ് ജനറല്‍ വിഭാഗത്തില്‍ മികച്ച കഥേതര ചിത്രത്തിനുള്ള പുരസ്‌കാരവും.
വര്‍ഷങ്ങളായി യുഎഇയില്‍ ജോലി ചെയ്യുന്ന ജിബിന്‍ നിലവില്‍ ദുബായ് ജെഎല്‍ടിയിലെ ടേക് ലീപിന് കീഴിലുള്ള ലീപ് മീഡിയാ ഹൗസില്‍ ക്രിയേറ്റീവ് ഡയറക്ടറാണ്. നേരത്തെ ഡോ.രാജേഷ് ജെയിംസ് സംവിധാനം ചെയ്ത നേക്കഡ് വീല്‍സ് എന്ന ഡോക്യുമെന്ററിക്ക് മുംബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ഡോക്യുമെന്ററിക്കും, ക്യാമറാമാനുള്ള അവാര്‍ഡ് ജിബിനും ലഭിച്ചിരുന്നു.
ഒരു വര്‍ഷത്തോളം സമയമെടുത്താണ് ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയതെന്ന് ജിബിന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. മഴക്കാലത്തും വേനല്‍ക്കാലത്തും ചിത്രീകരണം നടന്നു. വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്ന മൂന്ന് വനിതകളെയും കൊച്ചി കാര്‍ണിവലിലേക്കു കൊണ്ടുവന്ന് പരസ്പരം പരിചയപ്പെടുത്തിയായിരുന്നു ചിത്രീകരണം. ഡോക്യുമെന്ററി തുടങ്ങുന്നതും അവസാനിക്കുന്നതും കൊച്ചി കാര്‍ണിവല്‍ പശ്ചാത്തലത്തിലാണ്. കൊച്ചി തേവര സേക്രഡ് ഹാര്‍ട് കോളജില്‍ നിന്ന് ഫിലിം ആന്‍ഡ് ടെലിവിഷന്‍ കോഴ്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അതേസമയം, രാജേഷ് ഇതേ കോളജില്‍ ഇംഗ്ലീഷ് പ്രഫസറായിരുന്നു. ജോസ്‌ഗ്രേസി ദമ്പതികളുടെ മകനാണ്.