റിയാദ് : സൗദിയില്‍ ഇന്ന് 1068 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 33 മരണവും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1013 പേര്‍ മഹാമാരിയില്‍ നിന്ന് സുഖം പ്രാപിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ജിസാന്‍ 84, മക്ക 67, മദീന 57, റിയാദ് 55, തബൂക്ക് 48 എന്നിങ്ങനെയാണ് പ്രധാന പ്രദേശങ്ങളിലെ രോഗബാധിതരുടെ കണക്ക്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 310836 ഉം മരണ സംഖ്യ 3755 ഉം രോഗമുക്തി നേടിയവര്‍ 284945 ഉം ആയി. 22136 രോഗികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1601 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതിരോധ നടപടികളില്‍ വരുത്തിയ സൂക്ഷ്മതക്കുറവ് മൂലം പല രാജ്യങ്ങളിലും കൊറോണ തിരിച്ച് വരവ് നടത്തുന്നുണ്ടെന്ന് മന്ത്രാലയം അധികൃതര്‍ പറഞ്ഞു. വൈറസിനെതിരെ നിരന്തരമായ ജാഗ്രതയും നിരീക്ഷണവും എല്ലാ ആരോഗ്യ സംഘടനകളും ശുപാര്‍ശ ചെയ്യുന്നു. ഒരാളില്‍ രണ്ട് തവണ കൊറോണ വൈറസ് ബാധിക്കുക എന്നത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും കൊറോണ ബാധിച്ച ഒരാളുമായി നേരിട്ടു സമ്പര്‍ക്കര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യക്തി പരിശോധന പോലുള്ള മറ്റു നടപടികള്‍ പരിഗണിക്കാതെ 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ പ്രവേശിക്കണം.