പത്തനംതിട്ട: ജില്ലാ ഭരണത്തിന്റെ സിരാകേന്ദ്രമായ കലക്ടറേറ്റില്‍ വീണ്ടും പവര്‍ ബ്രോക്കര്‍ പിടിമുറുക്കി. ഇടയ്ക്ക് മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് നിറം മങ്ങിപ്പോയ പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ കൂടിയ ഈ റിയല്‍ എസ്റ്റേറ്റ്, മണ്ണ് ബ്രോക്കര്‍ വര്‍ധിത വീര്യത്തോടെ തിരിച്ചെത്തിയിരിക്കുകയാണ്. കലക്ടര്‍, എഡിഎം തുടങ്ങിയവരെ ഇയാളാണ് നിയന്ത്രിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇയാള്‍ പറയുന്നതു പോലെയാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നതത്രേ.
പത്തനംതിട്ട നഗരസഭ ഭരണത്തിലും ഇയാള്‍ക്ക് കാര്യമായ പിടിപാടുണ്ട്. ഇയാളുടെ ബന്ധുവാണ് ഇവിടെ തലപ്പത്തിരിക്കുന്നത്. പിബി നൂഹ് കലക്ടര്‍ ആയി വന്നതിന് ശേഷമാണ് കൈമണി അടിച്ച് ഇയാള്‍ കലക്ടറേറ്റില്‍ കടന്നു കൂടിയത്. ആവശ്യത്തിനും അനാവശ്യത്തിനും ഇയാള്‍ കലക്ടറുടെ ചേംബറില്‍ കയറി ഇറങ്ങുകയാണ്. താരതമ്യേനെ ജുനിയറായ ഒരു ഉദ്യോഗസ്ഥന്‍ പ്രോട്ടോക്കോള്‍ മറികടന്നാണ് അവസരത്തിലും അനവസരത്തിലും കലക്ടറുടെ ചേംബറിലേക്ക് കടന്നു ചെല്ലുന്നത്. കലക്ടറുമായി കാര്യങ്ങള്‍ നേരിട്ട് ചര്‍ച്ച ചെയ്യാന്‍ ഇയാള്‍ ഒരു ഓഫീസിന്റെയും ചുമതലയുള്ളയാളല്ല. മാത്രവുമല്ല, കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഒഫീഷ്യല്‍ മീറ്റിങുകള്‍ പോലും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന സ്ഥലത്താണ് പവര്‍ ബ്രോക്കര്‍ ഒരു തടസവുമില്ലാതെ കയറി ഇറങ്ങി നടക്കുന്നത്.
മുന്‍പ് ഇയാള്‍ കലക്ടറേറ്റില്‍ പിടിമുറുക്കിയപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലക്ടറേറ്റ് ഭരണം പവര്‍ ബ്രോക്കര്‍ ഹൈജാക്ക് ചെയ്തുവെന്ന വാര്‍ത്ത തനിക്ക് ക്ഷീണമായി എന്ന് കണ്ട് കലക്ടര്‍ ഇയാളെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പിടിമുറുക്കി കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ ഉപദേശകനായിട്ടാണ് ഇയാള്‍ അറിയപ്പെടുന്നത്. ഇയാള്‍ ഇത്രമാത്രം ശക്തനായത് എങ്ങനെയാണെന്നും ആ ശക്തി കലക്ടറേറ്റിലെ ഉദ്യോഗസ്ഥരെ ഭരിക്കാന്‍ തക്ക വണ്ണം ഉപയോഗിക്കുന്നത് എങ്ങനെ എന്നതും അജ്ഞാതമാണ്.
കലക്ടറേറ്റില്‍ മാത്രമല്ല, ലോക്കല്‍ പൊലീസിലെ ചിലരും ഇയാള്‍ക്ക് ഒത്താശ ചെയ്യുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ്, മണ്ണ് കടത്ത് എന്നിവയ്ക്കാണ് ഇയാള്‍ക്ക് പൊലീസ് സഹായം വേണ്ടത്. ഇതിനായി വന്‍ തുകയാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പടി നല്‍കുന്നത്. ഇയാള്‍ക്ക് കലക്ടറേറ്റിലും പൊലീസിലും ഉള്ള അവിഹിത ഇടപാടുകള്‍ അന്വേഷിക്കണമെന്നാണ് മറ്റു ജീവനക്കാരുടെ ആവശ്യം.