അടൂര്‍(പത്തനംതിട്ട): സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും തങ്ങള്‍ക്ക് തോന്നുന്ന ഫീസ് ഈടാക്കുമെന്നുമുള്ള വാദവുമായി സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്ത്. മണക്കാല താഴത്തുമണ്ണിലെ സിബിഎസ്ഇ സ്‌കൂള്‍ അധികൃതര്‍ക്കാണ് ഈ ധാര്‍ഷ്ട്യം. ഇത്തരം സ്‌കൂളുകള്‍ നടത്തുന്ന ഫീസ് കൊള്ള കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കണമെന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം കാറ്റില്‍ പറത്തുകയാണ് മിക്ക സ്വകാര്യ സ്‌കൂളുകളും. പല പേരു പറഞ്ഞ് വന്‍തുക ഫീസ് അടപ്പിക്കുന്നുണ്ട്.
താഴത്തുമണ്ണിലെ സ്‌കൂളില്‍ ഡൊണേഷന്‍ തുക ബാങ്ക് അക്കൗണ്ടില്‍ അടച്ചിട്ട് രസീതുമായി എത്തിയാല്‍ മാത്രമേ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുവെന്നാണ് ആരോപണം. ഇതേപ്പറ്റി അന്വേഷിച്ചപ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം ഇങ്ങനെയത്രെ! : സിബി എസ്ഇ സ്‌കൂളുകള്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വരുന്നതല്ല. അതു കൊണ്ട് തന്നെ സര്‍ക്കാര്‍ നിര്‍ദേശം ബാധകമല്ല. നമുക്ക് തോന്നുന്ന തുക ഡൊണേഷന്‍ വാങ്ങാം.
എയ്ഡഡ്, അണ്‍എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകള്‍ ആയിക്കോട്ടെ, കേരളത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിര്‍ദേശം പാലിക്കണം. ഒരാളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് മുകളില്‍ അല്ല. ആയതിനാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം താഴത്തുമണ്ണിലെ സ്‌കൂള്‍ മാനേജ്‌മെന്റും പാലിക്കേണ്ടതാണ്.
ഈ വര്‍ഷം എല്‍കെജി മുതല്‍ നാലു വരെയുള്ള ക്ലാസുകളിലേക്ക് അധ്യയനം നടക്കുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവേശനം നടത്താന്‍ അനുവദിച്ചിട്ടുണ്ട്. മറ്റ് ക്ലാസുകളിലേക്ക് ഓണ്‍ലൈനായും ക്ലാസ് നടത്താം. പ്രവേശനം നടത്തുന്നവര്‍ ഡൊണേഷന്‍, ഫീസ് എന്നിവ വാങ്ങരുത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതിന് അടൂരിലെയും കടമ്പനാട്ടെയും ഏഴാംമെയിലിലേയും ചില സ്‌കൂളുകാര്‍ കണ്ടെത്തിയിരിക്കുന്നത് മറ്റൊരു കുറുക്കു വഴിയാണ്. എല്‍കെജിയിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് യൂണിഫോം, പുസ്തകം, മറ്റ് സാമഗ്രികള്‍ എന്നിവ നല്‍കും. അതിന് വിപണിയില്‍ ഉള്ളതിന്റെ ഇരട്ടി വില ഈടാക്കും. കുരുന്നു കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടക്കില്ല. പിന്നെന്തിന് പുസ്തകം, സ്‌കൂളില്‍ ചെല്ലാത്തവര്‍ക്ക് എന്തിന് യൂണിഫോം എന്നൊക്കെ ചോദിച്ചാല്‍ അതിനും തൊടുന്യായങ്ങള്‍ നിരത്തും.