അടൂര്‍: ഉത്ര കൊലക്കേസ് പ്രതി സൂരജിന്റെ സഹോദരി സൂര്യയുടെ ഏകദേശ ധാരണയായ വിവാഹം വരന്റെ വീട്ടുകാര്‍ വേണ്ടെന്നു വച്ചു. പെരിങ്ങനാട് സ്വദേശിയായ യുവാവുമായിട്ടായിരുന്നു സൂര്യയുടെ വിവാഹം ഏറെക്കുറെ ഉറപ്പിച്ചിരുന്നത്. ഉത്ര കൊലക്കേസിന് പിന്നാലെ ഈ യുവാവിന്റെ പേരും പ്രതിപ്പട്ടികയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെയാണ് ബന്ധുക്കള്‍ പിന്മാറിയത്. ഈഴവ സമുദായാംഗമാണ് സൂര്യ. മാരാര്‍ സമുദായത്തില്‍പ്പെട്ട യുവാവുമായി സൂര്യ അടുപ്പത്തിലായിരുന്നു.
അടൂര്‍ ബോയ്സ് ഹൈസ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മൊട്ടിട്ട പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്. മുന്‍പ് കോണ്‍ഗ്രസിന്റെയും പിന്നീട് സിപിഎമ്മിന്റെയും പഞ്ചായത്തംഗമായിരുന്നയാളുടെ ഏക മകനനാണ് കാമുകന്‍. ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം നടത്താന്‍ ഏകദേശ ധാരണയായിരുന്നു. അതിനിടെയാണ് ഉത്രയുടെ മരണം നടന്നത്. സംഭവം കൊലപാതകമാണെന്ന് തെളിയുകയും ഇതില്‍ സൂരജിന്റെ മാതാവ് രേണുകയുടെയും സൂര്യയുടെയും പങ്ക് വെളിച്ചത്തു വരികയും ചെയ്തു.
കൊലക്കേസില്‍ മനസറിയാതെ യുവാവും പ്രതിയാകുമെന്ന് വന്നതോടെ വീട്ടുകാര്‍ ഭയന്നു. വീട്ടുകാര്‍ തന്നെയാണ് തങ്ങള്‍ക്ക് ഈ ബന്ധം വേണ്ടെന്ന് അറിയിച്ചിരിക്കുന്നത്. സൂര്യയുമായി മകന്‍ അടുപ്പത്തിലായതു കൊണ്ട് നടത്തി കൊടുക്കാമെന്ന് കരുതി. എന്നാല്‍, ഇങ്ങനെ ഒക്കെ വരുമെന്ന് അറിഞ്ഞിരുന്നില്ലെന്നും അതു കൊണ്ട് ആലോചനയില്‍ നിന്ന് പിന്മാറിയെന്നുമാണ് ഇവര്‍ പറയുന്നത്.അതേസമയം, കൊലപാതകത്തിന്റെ മുഴുവന്‍ ആസൂത്രണവും രേണുകയുടേതാണെന്ന വിവരവും വെളിച്ചത്തു വരുന്നുണ്ട്. ഉത്രയെ ഇല്ലാതാക്കാന്‍ സൂരജിനോട് നിര്‍ദേശിച്ചത് ഇവരാണത്രേ. പിതാവ് സുരേന്ദ്രന്‍ മദ്യപാനിയാണ്. രേണുകയാണ് വീട്ടില്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. അമ്മയ്ക്ക് തുണയായി സൂര്യയും ഒപ്പമുണ്ടായിരുന്നു.