റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1869 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയില്‍ ആകെ കോവിഡ് 19 ബാധിതരുടെ എണ്ണം 89011 ആയി. 1484 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ചികിത്സയില്‍ കഴിയുന്ന 22672 രോഗബാധിതരില്‍ 1264 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. ഇവരില്‍ പലരും മറ്റു രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ മരിച്ച 24 പേര്‍ ഉള്‍പ്പെടെ മൊത്തം മരണസംഖ്യ 549 ആയി.
പുതുതായി രോഗബാധയേറ്റവരില്‍ ഏറ്റവും കൂടുതല്‍ റിയാദിലാണ്. 556 പേര്‍. മക്ക, ജിദ്ദ, ദമാം, ഹുഫൂഫ്, ഖതീഫ് എന്നീ നഗരങ്ങളാണ് തൊട്ടുപിന്നില്‍. സമൂഹത്തില്‍ അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങളുണ്ടെന്നതിന്റെ തെളിവാണ് ഓരോ ദിവസവും പുറത്ത് വരുന്ന വലിയ സംഖ്യകളെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു.
പ്രതിരോധ നടപടികള്‍ പാലിക്കുന്നു എന്നത് ഒരു ശിക്ഷയല്ല, മറിച്ച് തന്നെയും മറ്റുള്ളവരെയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. 2019 ഡിസംബറില്‍ കാണപ്പെട്ട ഈ മഹാമാരി അര വര്‍ഷം പിന്നിടാന്‍ പോകുന്നു. ലോകം കടുത്ത മുന്‍കരുതലുകളോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. സൗദിയും പ്രതീക്ഷയുടെ ഘട്ടങ്ങളിലാണെന്നും ഫലപ്രദമായ പരിശ്രമങ്ങള്‍ക്ക് ശേഷം ജാഗ്രതയോടെ തിരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.