റിയാദ്: സൗദി അറേബ്യയില്‍ ആശുപത്രി ജീവനക്കാരി അടക്കം നാലു മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല സ്വദേശി സിമി ജോര്‍ജാ(45)ണ് ജിദ്ദയില്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സിമി അവധിക്ക് നാട്ടില്‍ വന്ന ശേഷം 2019 മാര്‍ച്ചിലാണ് തിരികെ പോയത്. സംസ്‌കാരം ജിദ്ദയില്‍.
സിമിയെ കൂടാതെ, മലപ്പുറം മഞ്ചേരി സ്വദേശി ഡൊമനിക് ജോണ്‍(38), കൊണ്ടോട്ടി സ്വദേശി അലി രായിന്‍(49), കൊല്ലം പതാരം സ്വദേശി രാജു(56) എന്നിവരാണ് മരിച്ചത്.
ഡൊമനിക് രണ്ടാഴ്ചയായി ദവാദമി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായിരുന്നഅലി രായിന്‍ മക്കയിലാണ് മരിച്ചത്. ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാജു മരിച്ചത്.
ഇതോടെ സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 41ആയി. 164 മലയാളികളാണ് ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.