വാഷിങ്ടണ്‍: കഴിഞ്ഞ ഇരുപതുവര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തുവ്യാപിച്ചത് അഞ്ച് പകര്‍ച്ചവ്യാധികളെന്നും ഇനിയതിന് അവസാനം വേണമെന്നും യു.എസ്. ഇതിനെതിരേ ലോകത്തെ ജനങ്ങള്‍ ഉണരുകയും ചൈനയില്‍നിന്നുള്ള പകര്‍ച്ചവ്യാധികള്‍ ഇനിയും സഹിക്കാനാവില്ലെന്ന് വിളിച്ചുപറയാന്‍ പോകുകയുമാണെന്നും യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍ ബുധനാഴ്ച പറഞ്ഞു.
‘കോവിഡ് വൈറസ് വന്നത് വുഹാനില്‍നിന്നാണെന്ന് ഞങ്ങള്‍ക്കറിയാം. അവിടത്തെ പരീക്ഷണശാലയോ മാര്‍ക്കറ്റോ ആണ് വൈറസിന്റെ ഉറവിടമെന്നതിന് സാഹചര്യത്തെളിവുകളുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. രണ്ടായാലും അത് ചൈനയില്‍നിന്നുതന്നെയാണ്.
20 വര്‍ഷത്തിനിടെ അഞ്ച് പകര്‍ച്ചവ്യാധികളാണ് ചൈനയില്‍നിന്ന് വന്നത്. സാര്‍സ്, പക്ഷിപ്പനി, പന്നിപ്പനി ഇപ്പോ കോവിഡ്-19 ഉം. ഇനിയും എങ്ങനെയാണ് ചൈനകാരണം പൊതുജനാരോഗ്യത്തിനുണ്ടാകുന്ന മാരകമായ ആഘാതങ്ങള്‍ ലോകം കണ്ടില്ലെന്നു നടിക്കുക. ഏതെങ്കിലും ഒരുഘട്ടത്തില്‍ ഇതിന് അവസാനം കണ്ടെത്തിയേ തീരൂ. ചൈനയിലേക്ക് ആരോഗ്യവിദഗ്ധരെ അയക്കാമെന്ന് യു.എസ്. വാഗ്ദാനം നല്‍കിയതാണ്. പക്ഷേ അവരത് നിരസിച്ചു” -ഒബ്രിയാന്‍ പറഞ്ഞു.