തിരുവല്ല: പാലിയേക്കര ബസീലിയന്‍ കന്യാസ്ത്രി മഠത്തില്‍ സന്യസ്ത വിദ്യാര്‍ഥിനി ദിവ്യ പി. ജോണിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം ലോക്കല്‍ പൊലീസിന് തന്നെ. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി എന്നത് തെറ്റായ പ്രചാരണം. വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രാഥമിക പരിശോധന നടത്തുന്നതിന് മാത്രമാണ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത് എന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു. തിരുവല്ല ഇന്‍സ്പെക്ടര്‍ പി.എസ്. വിനോദ് തന്നെയാകും കേസ് അന്വേഷിക്കുക. പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമാണ് ഡിജിപി ക്രൈംബ്രാഞ്ചിന്റെ നരഹത്യ അന്വേഷിക്കുന്ന വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. മേയ് ഏഴിനാണ് മഠത്തിലെ ആഴം കുറഞ്ഞ കിണറ്റില്‍ ദിവ്യയുടെ മൃതദേഹം കണ്ടെത്തിയത്. നിരവധി ദുരൂഹതകളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും മരണം സംബന്ധിച്ച് നിലനില്‍ക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ കുടുംബം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നു കരുതി അവര്‍ക്ക് പരാതിയില്ല എന്ന് അര്‍ഥവുമില്ല. തങ്ങള്‍ക്ക് മരണത്തില്‍ സംശയമുണ്ടെന്ന് തന്നെയാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാവ് സൂചിപ്പിച്ചത്. കോണ്‍ഗ്രസും സിപിഎമ്മും ദുരൂഹ മരണം സംബന്ധിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ബാലാശ്രമം പോലെ മറ്റു സമുദായങ്ങള്‍ നടത്തുന്ന ഏതെങ്കിലും സ്ഥാപനമായിരുന്നുവെങ്കില്‍ അവിടെ കൊടി പിടിച്ച് സമരം നടത്താന്‍ ഓടിയെയത്താറുള്ള ഡിവൈഎഫ്ഐക്കും സിപിഎമ്മിനും ഇവിടുത്തെ മരണത്തില്‍ യാതൊരു സംശയവുമില്ല. സമരം നടത്തേണ്ടിയിരുന്ന ബിജെപിയും പ്ലേറ്റ് മറിച്ചു. ഇതോടെ കുറ്റവാളികള്‍ താല്‍കാലികമായി രക്ഷപ്പെട്ടിരിക്കുകയാണ്. ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങളാണ് ഈ വിഷയത്തില്‍ ട്രൂ വാര്‍ത്ത മുന്നോട്ടു വയ്ക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളും ഈ വിഷയത്തില്‍ നിന്ന് കൈയെടുത്തു കഴിഞ്ഞു.
ദിവ്യ മരിച്ചു കിടന്ന കിണറ്റില്‍ നിന്ന് തുടങ്ങുന്നു ദുരൂഹതയുടെ കടലാഴം. കിണറിന് ആഴം കുറവാണ്. റിങ് ഇറക്കിയിരിക്കുന്നതിനാല്‍ വ്യാസവും ചെറുത്. മുട്ടറ്റം വെള്ളമാണ് കിണറ്റില്‍ ഉണ്ടായിരുന്നത്. അതായത് കിണറ്റിലേക്ക് എടുത്തു ചാടുന്ന ഒരു വ്യക്തിക്ക് മരിക്കാനുള്ള ആഴമോ വെള്ളമോ കിണറിനില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം വെള്ളം കുടിച്ചാണെന്ന് പറയുന്നു. മുട്ടറ്റം വെള്ളത്തില്‍ മുങ്ങി മരണം ഉണ്ടാകാന്‍ യാതൊരു സാധ്യതയുമില്ല. കിണറ്റിലേക്ക് ചാടിയ വഴി തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണ കാരണമെങ്കില്‍ ആ വിവരം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരേണ്ടിയിരുന്നു. എന്നാല്‍, പ്രാഥമിക നിഗമനം അനുസരിച്ച് വെള്ളം കുടിച്ചുള്ള മരണമാണ്. മൃതദേഹം കൈകാലുകള്‍ മടങ്ങി ചുരുണ്ട നിലയിലാണ് കിടന്നിരുന്നത്. ദിവ്യ പാന്റ് ധരിച്ചിരുന്നില്ല. ഫയര്‍ഫോഴ്സ് കിണറ്റില്‍ നിന്ന് എടുക്കുന്ന മൃതദേഹത്തില്‍ പാന്റുണ്ടായിരുന്നില്ല എന്നുള്ളത് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
രാവിലെ 11.15 ന് ദിവ്യ ഓടി വന്ന് കിണറ്റില്‍ ചാടിയെന്നാണ് സാക്ഷിമൊഴി. വിവരം പൊലീസ് അറിയുന്നത് 11.45 ന്. ഫയര്‍ ഫോഴ്സ് പാഞ്ഞെത്തുന്ന് 12 ന്. ഇതിനൊക്കെ വളരെ മുന്‍പേ പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ നിന്നുള്ള അച്ചന്‍ ഒരു ആംബുലന്‍സുമായി സ്ഥലത്തു വന്നു. 11.15 ന് ചാടിയ പെണ്‍കുട്ടിയെ 11.20 ന് എങ്കിലും കിണറ്റില്‍ നിന്ന് രക്ഷിക്കാമായിരുന്നു. സമീപവാസികളുടെ സഹായം അതിനായി ലഭ്യമാക്കാമായിരുന്നു. ഇവിടെ അതുണ്ടായില്ല. ഇതാണ് പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍ വീണ സമയം സംബന്ധിച്ച സംശയം ഉയര്‍ത്തിയിരിക്കുന്നത്. 11.15 ന് പെണ്‍കുട്ടി കിണറ്റില്‍ ചാടിയെന്നത് മഠത്തിലെ അന്തേവാസികളുടെ മൊഴി മാത്രമാണ്. അതിന് മുന്‍പ് ദിവ്യ കിണറ്റില്‍ ഉണ്ടായിരുന്നു കൂടേ എന്ന സംശയമാണ് ഉയരുന്നത്. അതായത് തലേന്ന് രാത്രിയോ സംഭവ ദിവസം പുലര്‍ച്ചെയോ ദിവ്യ കിണറ്റില്‍ വീണിരിക്കാം. ആസൂത്രിതമായി സംഭവം പുനരാവിഷ്‌കരിച്ച് പകല്‍ സമയത്ത് ആക്കിക്കൂടേ എന്ന സംശയവും ഉയരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എത്തുന്നതോടെ മരണ സമയവും കാരണവും സംബന്ധിച്ച് വ്യക്തത ഉണ്ടാകും. മഠത്തിലെ അന്തേവാസികള്‍ ദിവ്യയെ കുറിച്ച് പൊലീസിന് നല്‍കിയ മൊഴികള്‍ ആരോ പറഞ്ഞു പഠിപ്പിച്ചതു പോലെയാണ്. മാനസികമായി ചില പ്രശ്നങ്ങള്‍ ദിവ്യക്ക് ഉണ്ടായിരുന്നുവെന്നാണ് മഠത്തിലെ മറ്റു വിദ്യാര്‍ഥിനികള്‍ നല്‍കിയ മൊഴി. എപ്പോഴും ആത്മഹത്യയെ കുറിച്ച് ദിവ്യ സംസാരിച്ചിരുന്നുവത്രേ. ഈ മൊഴികള്‍ എല്ലാം ചൂണ്ടിക്കാട്ടി സംഭവം ആത്മഹത്യ തന്നെയെന്ന് വരുത്തി തീര്‍ക്കുകയാണ് സഭാ അധികൃതര്‍ എന്നാണ് ആരോപണം.
രാഷ്ട്രീയക്കാരും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നു. സമരം നടത്താന്‍ ബിജെപി ആദ്യം പദ്ധതി തയാറാക്കിയെങ്കിലും ഇപ്പോള്‍ അനക്കമില്ല. അടുത്തു വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് പലരുടെയും ലക്ഷ്യം.
മഠത്തിലെ സന്യസ്ത വിദ്യാര്‍ഥിനികള്‍ക്ക് മുതിര്‍ന്ന കന്യാസ്ത്രീകളില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്നാണ് വിവരം. ഇതൊന്നും വീട്ടുകാരോടോ പുറത്തോ പറയാന്‍ പാടില്ല. പറഞ്ഞാല്‍ ശരിപ്പെടുത്തുമെന്ന ഭീഷണിയും ഉണ്ട്. ഇതു കാരണം സര്‍വതും സഹിച്ച് കഴിയുകയാണ് വിദ്യാര്‍ഥിനികള്‍. ദിവ്യയുടെ മരണം വിവാദമായതോടെ ഇത്തരം വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ മഠം അധികൃതരും ശ്രദ്ധിക്കുന്നു.