അടൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച് കിളിവാതില്‍ കച്ചവടം നടത്തിയതിന് കരിക്കിനേത്ത് സില്‍ക്സ് ഉടമയും പത്തനംതിട്ട കരിക്കിനേത്ത് കൊലക്കേസിലെ പ്രതിയുമായ ജോസ് കരിക്കിനേത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് ആണ് ജോസിനെയും എട്ടു ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തത്. വിഷുവും ഈസ്റ്ററും പ്രമാണിച്ച് അടൂര്‍ കരിക്കിനേത്തില്‍ രഹസ്യ കച്ചവടം നടന്നു വരുന്നുവെന്നാണ് ജില്ലാ പൊലീസ് മേധാവി കെജി സൈമണിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസിനെ പരിശോധനയ്ക്ക് അയച്ചത്. തുണിക്കടയും മുന്‍വശം അടഞ്ഞു കിടക്കുകയാണ്. സെക്യൂരിറ്റി ഇരിക്കുന്ന ഭാഗത്തെ കിളിവാതിലിലൂടെയാണ് അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പൊലീസ് ചെല്ലുമ്പോള്‍ തുണിയെടുക്കാന്‍ വന്ന മൂന്നു പേരും കൂടിയുണ്ടായിരുന്നു. ഇവര്‍ മകന്റെ വിവാഹ ആവശ്യത്തിന് വേണ്ടി തുണി എടുക്കാന്‍ എത്തിയതായിരുന്നു. എല്ലാവരെയും കസ്റ്റഡിയില്‍ എടുത്തു. മൂന്നു സെയില്‍സ് ഗേള്‍സും ഇവിടെ ഉണ്ടായിരുന്നു. എട്ടു പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് കട തുറന്ന് തുണി എടുത്തു നല്‍കുകയായിരുന്നു. നാലു ദിവസമായി ഈ രീതിയില്‍ കച്ചവടം നടന്നു വരികയായിരുന്നു. അടൂര്‍ പൊലീസില്‍ വിവരം അറിയിച്ചാല്‍ ജോസിന് അതു ചോര്‍ന്നു കിട്ടുമെന്ന് മനസിലാക്കിയാണ് ജില്ലാ പൊലീസ് മേധാവിക്ക് വിവരം കൈമാറിയത്. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ സ്പെഷല്‍ ബ്രാഞ്ചും ഷാഡോ പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചതിനാണ് കേസ്.
പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യറായിരുന്ന ആനിക്കാട് സ്വദേശി ബാബുവിനെ കടയ്ക്കുള്ളിലിട്ട് ചവിട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയാണ് ജോസ് കരിക്കിനേത്ത്. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസിന്റെ വിചാരണ തുടങ്ങുന്നത് ഇയാള്‍ വൈകിപ്പിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടി സിപിഎം കോണ്‍ഗ്രസ് നേതാക്കള്‍ ഒത്താശ ചെയ്യുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.