പത്തനംതിട്ട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡ് കൈയേറി മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ ഗേറ്റുകള്‍ സ്ഥാപിച്ചു. സാധാരണക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമുള്ള വഴിയിലൂടെ വാഹനം കൊണ്ടുപോകണമെങ്കിലോ നടന്നു പോകണമെങ്കിലോ ആശുപത്രി സെക്യൂരിറ്റി കനിയണം. വൈകിട്ട് ആറു മുതല്‍ രാവിലെ ഏഴുവരെ മുതലാളി ഗേറ്റ് പൂട്ടും. പിന്നെ നാട്ടുകാര്‍ സഞ്ചരിക്കേണ്ടത് മൂന്നു കിലോമീറ്റര്‍ ചുറ്റിക്കറങ്ങി.
റിങ് റോഡരികില്‍ പത്തനംതിട്ട മുത്തൂറ്റ് മെഡിക്കല്‍ സെന്ററിന്റെ വശത്തു കൂടിയുള്ള എ വണ്‍-എ വണ്‍ റിങ് റോഡാണ് മുത്തൂറ്റ് മുതലാണ് പ്രൈവറ്റ് റോഡ് ആക്കിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള വഴിയാണ് ഗേറ്റിട്ട് ഇവര്‍ സ്വന്തമാക്കിയത്. വഴി നഗരസഭയുടേതാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ മാത്രം നഗരസഭാ ഓഫീസില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. (അതിവിടെ പതിവാണ്. ഏതു വിവാദ വിഷയത്തിലുമുള്ള രേഖകള്‍ നഗരസഭാ ഓഫീസില്‍ ഉണ്ടാകാറില്ല. വിവാദം ചൂടുപിടിക്കുന്നതിന് അനുസരിച്ച് അവ അപ്രത്യക്ഷമാകും.) വിവരാവകാശ നിയമപ്രകാരം നാട്ടുകാര്‍ ചോദിപ്പോള്‍ രേഖ നഗരസഭയില്‍ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. റോഡ് നിര്‍മാണം സംബന്ധിച്ച് മുത്തൂറ്റ് ആശുപത്രി മാനേജ്മെന്റും നഗരസഭയുമായി കരാറിലേര്‍പ്പെട്ടിരുന്നു. ഈ കരാര്‍ ആണ് അപ്രത്യക്ഷമായത്. കരാറിന്റെ ഏകദേശ തീയതി മനസിലാക്കി നാട്ടുകാരില്‍ ചിലര്‍ സബ്രജിസ്ട്രാര്‍ ഓഫീസില്‍ വിവരാവകാശം കൊടുത്തതോടെ കരാര്‍ പൊങ്ങി. ഇതുമായി മുന്‍നഗരസഭാധ്യക്ഷ അജീബ എം സാഹിബിന്റെ നേതൃത്വത്തില്‍ പത്രസമ്മേളനം വിളിച്ചെങ്കിലും ഒരു മാധ്യമവും വാര്‍ത്ത നല്‍കിയില്ല. അവര്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പിന്റെ പരസ്യമാണല്ലോ വലുത്.
വഴി വന്ന വഴി ഇങ്ങനെ…
കോഴഞ്ചേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൂത്തൂറ്റ് ഹോസ്പിറ്റല്‍ പത്തനംതിട്ടയില്‍ ഒരു ബ്രാഞ്ച് തുടങ്ങാന്‍ തീരുമാനിക്കുന്നത് 20 വര്‍ഷം മുന്‍പാണ്. ഇതിനായി റിങ് റോഡരികിലെ വയല്‍ വാങ്ങി നികത്താന്‍ തീരുമാനിച്ചു. അപ്പോഴാണ് പ്രശ്നം. വാങ്ങിയ സ്ഥലത്തേക്ക് കയറണമെങ്കില്‍ നഗരത്തിലെ വലിയതോട് മറി കടക്കണം. ഇതിനായി പാലം നിര്‍മിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോട് അനുമതി ചോദിച്ചു. അവര്‍ നല്‍കിയില്ല. എങ്ങനെയും പാലം നിര്‍മിക്കേണ്ടതിനാല്‍ ഇവര്‍ നഗരസഭാധികൃതരെ സമീപിച്ചു. പൊതുവഴിയ്ക്കായി പാലം നിര്‍മിക്കുന്നത് ഇറിഗേഷന്‍ വകുപ്പിന് തടയാന്‍ കഴിയില്ല. പ്രത്യേകിച്ചും നഗരസഭ. അങ്ങനെ വന്നപ്പോള്‍ അത്തരത്തിലൊരു പദ്ധതി തയാറായി.
തോടിന്റെ അക്കരെയുള്ള കല്ലറക്കടവിലെ ജനങ്ങള്‍ക്കും അമൃതാനന്ദമയി മഠത്തിലും സ്‌കൂളിലും പോകുന്നവര്‍ക്കും മൂന്നുകിലോമീറ്റര്‍ ചുറ്റിക്കറങ്ങി സഞ്ചരിക്കണമായിരുന്നു. ഇവരുടെ യാത്രാദുരിതം പരിഹരിക്കാന്‍ നഗരസഭ പാലവും റോഡും നിര്‍മിക്കാമെന്ന് ധാരണയായി. പാലവും 15 മീറ്റര്‍ റോഡും മുത്തൂറ്റ് മാനേജ്മെന്റ് നിര്‍മിക്കും. ശേഷിച്ച ഭാഗം നഗരസഭ റോഡ് നിര്‍മിക്കും. റോഡിന്റെ അവകാശം നഗരസഭയ്ക്ക് ആയിരിക്കും. 10 വര്‍ഷത്തേക്ക് പാലത്തിനും റോഡിനുമുള്ള അറ്റകുറ്റപ്പണി മുത്തൂറ്റ് മാനേജ്മെന്റ് നടത്തും. ഈ നിര്‍ദേശം നഗരസഭാ കൗണ്‍സിലില്‍ വച്ച് പാസാക്കി കരാറും തയാറാക്കി ഒപ്പിട്ടതോടെ മുത്തൂറ്റുകാര്‍ പാലം നിര്‍മിച്ചു.
എന്നാല്‍ നഗരസഭ റോഡ് നിര്‍മിച്ചില്ല. നിലം നികത്തി മുത്തൂറ്റുകാര്‍ ആശുപത്രി നഴ്സിങ് സ്‌കൂള്‍ കെട്ടിടവും നിര്‍മിച്ചു. ആദ്യമൊക്കെ ആ വഴി നാട്ടുകാരും സഞ്ചരിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ തിരക്കേറുകയും പിന്നിലേക്ക് മാറ്റി നഴ്സിങ് സ്‌കൂളും ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സും നിര്‍മിക്കുകയും ചെയ്തതോടെയാണ് വഴി അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. പകല്‍ സമയങ്ങളില്‍ വഴി തുറന്നു തന്നെ കിടക്കും. പക്ഷേ, നിയന്ത്രണമുണ്ട്. വൈകിട്ട് പിന്നിലെ ഗേറ്റ് പൂട്ടും. മുന്നിലെ ഗേറ്റ് ആശുപത്രിയിലേക്ക് ആയതിനാല്‍ അത് തുറന്നു തന്നെ കിടക്കും.
വഴി അടച്ചത് സംബന്ധിച്ച് നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ നഗരസഭാധികൃതര്‍ ഉരുണ്ടു കളിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് റോഡ് സംബന്ധിച്ച വ്യക്തമായ കരാര്‍ മുക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണി നഗരസഭയുടെ ചുമതലയിലാണ്. എന്നാല്‍, ഇത് തങ്ങളുടേതല്ല എന്ന മട്ടിലാണ് അവരുടെ പെരുമാറ്റം. മുത്തൂറ്റുകാര്‍ ഗേറ്റ് ഇട്ടതു മൂലം സഞ്ചാര സ്വാതന്ത്ര്യം തടസപ്പെട്ട കല്ലറക്കടവുകാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. അവിടെ ആശുപത്രിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനാണ് നഗരസഭ ശ്രമിക്കുന്നത് എന്നാണ് ആരോപണം.