റിയാദ്: വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് സൗദി അറേബ്യയില്‍ നിരോധനം. സെപ്റ്റംബര്‍ 12ന് നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ പിഴചുമത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
വ്യാപാരസ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ വാഹനങ്ങളില്‍ പതിക്കുന്നതിനാണ് നിരോധനമേര്‍പ്പെടുത്തിയത്. നിലവിലെ ഗതാഗത നിയമമനുസരിച്ച് വാഹനങ്ങളില്‍ പരസ്യം പതിക്കാനോ രൂപംമാറ്റാനോ അനുമതിയില്ല. എന്നാല്‍, നിയമം പാലിക്കാത്തവര്‍ക്കെതിരേ ഇതുവരെ നടപടി സ്വീകരിച്ചിരുന്നില്ല.
സ്വകാര്യ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും കമ്പനികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിലും പരസ്യം പതിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ചേംബര്‍ ഓഫ് കൊമേഴ്സിന് നിര്‍ദേശം നല്‍കി. പരസ്യം നീക്കം ചെയ്യുന്നതിന് 45 ദിവസമാണ് അനുവദിച്ചത്. വ്യക്തികളുടെ പേരിലുള്ള വാഹനങ്ങള്‍ക്കും നിയമം ബാധകമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.