പത്തനംതിട്ട : പൊലീസ് അസോസിയേഷന്‍ ജില്ലാസമ്മേളനത്തില്‍ മദ്യപിച്ച് ലക്ക്‌കെട്ട് ചര്‍ച്ചയില്‍ പങ്കെടുത്ത് വിമര്‍ശനവിധേയനായ ആളിനെ സി പി എം ഇടപെടീലിനെ തുടര്‍ന്ന് സംസ്ഥാന കമ്മറ്റി അംഗമാക്കാന്‍ നീക്കം.ഇതിനെതിരെ അസോസിയേഷനില്‍ പ്രതിഷേധം രൂക്ഷമായി.ജില്ലാഭാരവാഹികളെ നിശ്ചയിക്കാനുള്ള യോഗം 27ന് കൂടാനിരിക്കെ ഭാരവാഹികള്‍ ആരൊക്കെആകണമെന്ന് തീരുമാനിക്കാന്‍ സി പിഎം നേതാക്കളും പൊലീസുകാരും ഉള്‍പെട്ട പാര്‍ട്ടിഫ്രാക്ഷന്‍ ഇന്നലെകൂടിയപ്പോഴാണ് ജില്ലാസമ്മേളനത്തില്‍ മദ്യലഹരിയില്‍ അഴിഞ്ഞാടിയ തിരുവല്ലയില്‍നിന്നുള്ള പ്രതിനിധിയെ സംസ്ഥാനനേതാവാക്കാന്‍ പാര്‍ട്ടിനേതൃത്വം നിര്‍ദ്ദേശംവെച്ചത്. എതിരഭിപ്രായം ഉയര്‍ന്നതിനെതുടര്‍ന്ന് അന്തിമതീരുമാനം എടുത്തില്ല.
അതിനാല്‍ ഇന്ന് വീണ്ടും പാര്‍ട്ടി ഫ്രാക്ഷന്‍ ചേരും. ഇയാളെ സംസ്ഥാന നേതാവാക്കണമെന്ന തീരുമാനത്തില്‍ പാര്‍ട്ടിനേതൃത്വം ഉറച്ച് നിന്നാല്‍ ജില്ലാസമ്മേളനത്തില്‍ ഇയാള്‍ മദ്യപിച്ചെത്തി നടത്തിയപേക്കൂത്തുകളുടെ ദൃശ്യങ്ങളടക്കം പുറത്ത് വിടാനാണ് എതിരാളികളുടെനീക്കം.അങ്ങനെയെങ്കില്‍ 27ന് നടക്കുന്ന ഭാരവാഹിതെരഞ്ഞെടുപ്പ് പൊട്ടിതെറിയിലേക്ക് നീങ്ങാനാണ് സാധ്യത.