മസ്‌കത്ത്: ലോകത്തിന്റെ കണ്ണുനനയിച്ച് ജീവിതത്തില്‍ നിന്നും പടിയിറങ്ങേണ്ടിവന്ന പലസ്തീനി നഴ്സ് റസാന്‍ അല്‍ നജ്ജാറിന്റെ ജീവിതം പാശ്ചാത്തലമാക്കിയുള്ള ഹ്രസ്വചിത്രവുമായി മലയാളികള്‍. ‘റസാന്‍ നജ്ജാര്‍: പ്രണയത്തിനും രാജ്യസ്നേഹത്തിനുമിടയിലെ ജീവിതം’ എന്ന ഹ്രസ്വചിത്രമാണ് മസ്‌കത്തില്‍ ഒരുങ്ങുന്നത്.
മസ്‌കത്തിലെ പ്രമുഖ മോഡല്‍ അന്തര ബോസാണ് റസാന്‍ നജ്ജാറായി ക്യാമറക്ക് മുന്നിലെത്തുന്നത്. മലയാളി മാധ്യമ പ്രവര്‍ത്തകന്‍ കബീര്‍ യൂസുഫ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജെ. കെ. ഫിലിംസ് ആണ് നിര്‍മിക്കുന്നത്. ഇസ്റാഈല്‍ ആക്രമണത്തില്‍ മുറിവേറ്റവരെയും അംഗവൈകല്യം സംഭവിച്ചവരെയും ശുശ്രൂഷിക്കുന്നതിനിടയിലാണ് അടുത്തിടെ റസാന്‍ നജ്ജാറിന് ജീവന്‍ നഷ്ടമായത്. സ്വജീവിതം തന്നെ ഇസ്റാഈല്‍ ഭീകരതയില്‍ ആക്രമണത്തിനിരയായവര്‍ക്ക് വേണ്ടി ത്യജിച്ച അവളുടെ മരണം ലോക മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു. റസാന്‍ നജ്ജാറിനുള്ള ആദരവാണ് ചിത്രമെന്നും പിന്നണിയിലുള്ളവര്‍ പറഞ്ഞു.
സിനിമയുടെ ഛായാഗ്രഹണം സത്യദാസ് കിടങ്ങൂര്‍. ശരത് ചന്ദ്രനാണ് അസോഷ്യേയേറ്റ് ക്യാമറമാന്‍. കബീര്‍ യൂസുഫ്, അസ്റ അലീം എന്ന പാക്ക് യുവതിയും റീഹ, റകിന് എന്നീ ബാലതാരങ്ങളും വിവധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ഹൈതം അല്‍ ബലുഷി എന്ന ഒമാനിയും വേഷമിടുന്നു. മാഹിര്‍ സൈന്‍ എന്ന അറബ് സംഗീതജ്ഞന്റേതാണ് പശ്ചാത്തല സംഗീതം.
ഒമാന്‍ ഫിലിം സൊസൈറ്റിയും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും കലാമണ്ഡലവും ചേര്‍ന്നൊരുക്കുന്ന ഒമാന്‍-ഇന്തോ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലില്‍ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കും. ഓഗസ്റ്റ് എട്ടിന് ഫെസ്റ്റിവല്‍ ആരംഭിക്കും.