അടൂര്‍: ഏഴു വര്‍ഷത്തെ നിരന്തരമായ പീഡനം ഏറ്റുവാങ്ങി ആ തണല്‍മരം ‘മരണം’ ഏറ്റുവാങ്ങി. അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷന് കിഴക്ക് കായംകുളം-പത്തനാപുരം സംസ്ഥാനപാതയരികില്‍ നിന്നിരുന്ന ബദാം മരമാണ് 2011ല്‍ വൈദ്യന്‍സ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണ വേളയില്‍ ശിഖരങ്ങള്‍ വെട്ടി ഒറ്റത്തടിയാക്കിയും പിന്നീട് മൂടോടെ വെട്ടി മാറ്റാന്‍ കെട്ടിടം ഉടമയുടെ നേതൃത്വത്തില്‍ നീക്കം നടത്തുകയും ചെയ്തത്. മരത്തിന്റെ ചുറ്റും ഫ്‌ളക്‌സ്‌ബോര്‍ഡുപയോഗിച്ച് പെട്ടി പണിയുകയും അലങ്കാര ബള്‍ബുകള്‍ തൂക്കിയിടുകയും ചെയ്തു.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് 2011 നവംബറില്‍ സാമൂഹിക വനം വകുപ്പും അടൂര്‍ പൊലീസും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുകയും മരത്തിലെ ബോര്‍ഡുകളും മറ്റും നീക്കം ചെയ്യുകയും ചെയ്തു. കെട്ടിടത്തില്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്ത ടെക്‌സറ്റയില്‍ ഷോറൂമിനു മുകളില്‍ നിന്ന് ഉപഭോക്താവ് വീണു മരിച്ചതിനെതുടര്‍ന്ന് പിന്നീട് ആ സ്ഥാപനം നിര്‍ത്തിപോയിരുന്നു. തുടര്‍ന്ന് കെട്ടിടം ഉടമ തന്നെ വൈദ്യന്‍സില്‍ക്‌സ് ഷോറൂം തുടങ്ങി. മരത്തോടുള്ള പീഡനം ഈ അവസരത്തിലും തുടര്‍ന്നു.
വെട്ടിമാറ്റിയ ഭാഗങ്ങളിലെ കിളിര്‍പ്പുകള്‍ ഒടിച്ചുകളയുകയും മരം ഉണങ്ങാനായി ഏതോ ദ്രാവകം ഒഴിക്കുകയും ചെയ്തതോടെ തായ്തടി കേടാവുകയും കഴിഞ്ഞ ദിവസം മഴയോടൊപ്പമുള്ള ചുഴലിക്കാറ്റില്‍ മരം നിലംപതിക്കുകയുമായിരുന്നു. അടൂരില്‍ നിന്ന് അഗ്നിശമനസേന എത്തിയാണ് ഈ കൂറ്റന്‍ ബദാം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതോടെ പരിസ്ഥിതി നാശം ആഗ്രഹിച്ച വര്‍ക്ക് സന്തോഷമായെങ്കിലും പരിസ്ഥിതി സ്‌നേഹികളുടെ മനസ്സില്‍ മായാത്ത മുറിവാണ് സമ്മാനിച്ചത്.