റോക്ഹാംപ്ടണ്‍: റോക്ഹാംപ്ടണ്‍ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 9 ന് റോക് ഹാംപ്ടണ്‍ ബുഹാനിയ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ ഓണാഘോഷത്തിന് വളരെ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. സെപ്റ്റംബര്‍ 9 ന് രാവിലെ 9.30 ന് റോക് ഹാംപ്ടണ്‍ മലയാളി കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ഓണപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.
തുടര്‍ന്ന് ഘോഷയാത്രയായി മാവേലിത്തമ്പുരാനെ ആനയിയ്ക്കും. തിരുവാതിരയും പുലികളിയും ഓണപ്പാട്ടുകളും നൃത്തനൃത്യങ്ങളുമായി മലയാളത്തനിമ വിളിച്ചോതുന്ന കലാവിരുന്നുകളുമായി മലയാളി കൂട്ടായ്മ അംഗങ്ങള്‍ വേദി കൈയ്യടക്കുന്നതോടെ തിരുവോണത്തിന്റെ മധുരസ്മരണകള്‍ നിറയുന്ന വേദിയായി റോക്ഹാംപ്ടണ്‍ ബുഹാനിയ കമ്മ്യൂണിറ്റി ഹാള്‍ മാറും. കലാപരിപാടികള്‍ക്കുശേഷം ഓണസദ്യ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.
ഓണസദ്യയെത്തുടര്‍ന്ന് വടംവലി, ചാക്കിലോട്ടം, കലംതല്ലിപ്പൊട്ടിക്കല്‍ തുടങ്ങിയ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കളികളും സംഘടിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ചു മണിയോടെ ചായസല്‍ക്കാരത്തോടുകൂടെ ഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിക്കും.