നിരണം:മലങ്കര ഓര്‍ത്തഡക്സ് സഭയിലെ അഞ്ച് വൈദികര്‍ക്ക് ഒരു യുവതിയുമായി ഒരേസമയം അവിഹിത ബന്ധം. തിരുവല്ലക്കാരിയായ യുവതിയെയാണ് സഭയുടെ വിവിധ ഭദ്രാസനങ്ങളിലെ അഞ്ച് വൈദികരുമായി ബന്ധമുണ്ടായിരുന്നത്. ഒരു വൈദികനുമായി ഒരുമിച്ചുകഴിഞ്ഞശേഷം ഹോട്ടല്‍ ബില്‍ സെറ്റില്‍ ചെയ്യുന്നതിനിടെ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചപ്പോഴാണ് കള്ളം വെളിച്ചത്തായത്. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്പമണ്‍, ഡെല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു യുവതി അഞ്ച് വൈദികരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ഇതുവഴി ഇവര്‍ അശ്ലീല വീഡിയോ അയക്കുകയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ അഞ്ചുപേര്‍ക്കും യുവതിയുമായുള്ള ബന്ധമുണ്ടെന്ന് പരസ്പരം അറിഞ്ഞിരുന്നില്ല. ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം സമയങ്ങളിലായിരുന്നു യുവതി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നത്.
ഡല്‍ഹി ഭദ്രാസനത്തിലെ വൈദികന്‍ യുവതിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ മതിമറന്ന് നേരിട്ട് കാണാനായി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി. മരടിലുള്ള ലേ മറീഡിയന്‍ ഹോട്ടലില്‍ മുറിയുമെടുത്തു. താന്‍ എറണാകുളത്തു വരുന്നുണ്ടെന്നും അവിടെവച്ച് കാണണമെന്നും യുവതിയോട് പറഞ്ഞുറപ്പിച്ചാണ് വൈദികന്‍ എത്തിയത്. ഇതനുസരിച്ച് യുവതി തിരുവല്ലയിലെ ബന്ധുക്കളോട് തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന് കള്ളം പറഞ്ഞ് എറണാകുളത്തേക്ക് പോയി. അവിടെ ഒരുമിച്ച് കഴിഞ്ഞ ശേഷം ഹോട്ടല്‍ ബില്‍ അടയ്ക്കാനായി വൈദികന്‍ എത്തിയപ്പോഴാണ്‍ കുഴഞ്ഞത്. പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലടയ്ക്കാന്‍ വൈദികന്റെ കൈയിലുണ്ടായിരുന്ന പണംകൊണ്ട് തികയില്ലായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഡെബിറ്റ് കാര്‍ഡുപയോഗിച്ചാണ് പണമടച്ചത്. എന്നാല്‍ പണമടച്ചെന്ന കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിച്ചത് യുവതിയുടെ ഭര്‍ത്താവിന്റെ മൊബൈലിലും. തന്റെ ഭാര്യ കൊച്ചിയില്‍ ലേ മറീഡിയിന്‍ ഹോട്ടലില്‍ എന്തിന് പോയി എന്നന്വേഷിച്ചപ്പോഴാണ് വൈദികനുമായുള്ള രഹസ്യബന്ധം പുറത്തായത്. തുടര്‍ന്ന് മെത്രാപ്പൊലീത്തയെ വിവരം അറിയിക്കുകയുമായിരുന്നു.
നാട്ടിലെത്തിയ ഭര്‍ത്താവ് യുവതിയില്‍ നിന്നും വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് മറ്റ് നാല് വൈദികരുമായും ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. അഞ്ച് വൈദികരുടെ പേരുസഹിതം യുവതിയുടെ ഭര്‍ത്താവ് മെത്രാപ്പൊലീത്തയ്ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ സഭയിലെ ചില ഉന്നത നേതാക്കള്‍ ഈ വിഷയം അറിയുകയും കാതോലിക്കാ ബാവയെ നേരിട്ട് വിവരം ധരിപ്പിക്കുകയുമായിരുന്നു. ബാവ ഉടന്‍തന്നെ ഇവരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
എന്നാല്‍ ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സഭാ നേതൃത്വം തയാറായിട്ടില്ല. എത്ര നാളത്തേക്കാണ് സസ്പെന്‍ഷനെന്നോ, ഇവര്‍ക്കെതിരെ മറ്റു നടപടികള്‍ എന്തൊക്കെയാണെന്നോ സഭാ നേതാക്കള്‍ അറിയിച്ചിട്ടില്ല. വൈദികര്‍ക്കെതിരെ ശക്തമായ നിയമ നടപടിക്കൊരുങ്ങുകയാണ് യുവതിയുടെ ഭര്‍ത്താവ്. ഇതുസംബന്ധിച്ച് സഭാ സെക്രട്ടറി ബിജു ഉമ്മനുമായി ബന്ധപ്പെട്ടെങ്കിലും തനിക്കൊന്നും അറിയില്ലെന്നായിരുന്നു മറുപടി. അഡ്മിനിസ്ട്രേഷന്‍ കാര്യങ്ങള്‍ മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഇക്കാര്യങ്ങളെല്ലാം ബാവ തിരുമേനിയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവിടെ വിളിച്ചെങ്കിലും കാര്യമായ മറുപടി നല്‍കിയില്ല. അതതു ഭദ്രാസനങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ബാവയുടെ ശ്രദ്ധയില്‍പ്പെട്ടെന്നു വരില്ലെന്നും അവിടെത്തന്നെ എല്ലാത്തിനും തീരുമാനമെടുക്കുകയാണ് പതിവെന്നുമാണ് ഓര്‍ത്തഡോക്സ് സഭയുടെ പി.ആര്‍ഒ പറഞ്ഞത്.
അമേരിക്കയിലെ ഒരു ഭദ്രാസനത്തില്‍ ജോലിചെയ്തിരുന്ന ഒരു ബിഷപ്പ് ഈ അടുത്തകാലത്ത് ലൈംഗികാപവാദ കേസില്‍ കുടുങ്ങിയിരുന്നു. അവിടെ കേസ് വരുമെന്നറിഞ്ഞതോടെ രായ്ക്കു രാമാനം നാട്ടിലേക്ക് മുങ്ങുകയായിരുന്നു. അദ്ദേഹത്തെ ഇപ്പോള്‍ മധ്യതിരുവിതാംകൂറിലെ ഒരു ഭദ്രാസനത്തിന്റെ ചുമതലയില്‍ നിയമിച്ചിരിക്കുകയാണ്. ഈവര്‍ഷം തന്നെ കൊട്ടാരക്കരയിലെ ആശ്രമത്തിലുണ്ടായിരുന്ന ഓര്‍ത്തഡോക്സ് വൈദികന്‍ രണ്ടു കുട്ടികളുടെ മാതാവുമായി ഒളിച്ചോടിയിരുന്നു. ഇത്തരം ലൈംഗികാപവാദ കേസുകള്‍ വന്നാല്‍ സഭാ നേതൃത്വം പൊതുവെ പൊലീസിനെ അറിയിക്കാനോ നിയമപരമായ നടപടികള്‍ സ്വീകരിക്കാനോ തയാറാകാറില്ല.
കൊട്ടാരക്കരയിലെ ഒരു വൈദികനെ സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് മൂന്നുമാസം മുമ്പ് പുറത്താക്കിയിരുന്നു. ഓര്‍ത്തഡോക്സ് സഭയില്‍ വൈദികര്‍ക്കെതിരെ ഇത്തരം നിരവധി ലൈംഗിക പീഡന പരാതികള്‍ ഉണ്ടായിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. വിശ്വാസത്തിന്റെ പേരുപറഞ്ഞ് ഇവയെല്ലാം ഒതുക്കിവയ്ക്കുകയാണ് പതിവ്. പൊലീസില്‍ പരാതിപ്പെടാന്‍ വിശ്വാസികള്‍ തയാറാകാത്തതാണ് ഇത്തരക്കാര്‍ക്ക് തുണയാകുന്നത്.