താരസംഘടനയായ ‘അമ്മ’യില്‍ നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധം ശക്തം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് നിരപരാധിത്വം തെളിയിച്ചിട്ടില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. അമ്മയിലെ രണ്ട് ഇടത് എംഎല്‍എമാരുടെ നിലപാടിനെ സംബന്ധിച്ചും പ്രതിഷേധം ഉയരുന്നുണ്ട്.
ഞായറാഴ്ച കൊച്ചിയില്‍ നടന്ന അമ്മ വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ചരിത്രത്തിലാദ്യമായി മാധ്യമങ്ങളെ വിലക്കിയും പത്രസമ്മേളനം ഒഴിവാക്കിയും നടന്ന സമ്മേളനത്തിലാണു തീരുമാനം. നടി ഊര്‍മിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ദിലീപിനെ പുറത്താക്കാന്‍ തിടുക്കപ്പെട്ട് എടുത്ത തീരുമാനം സംഘടനാ ചട്ടപ്രകാരമല്ലായിരുന്നെന്നും സാങ്കേതികമായി നിലനില്‍ക്കില്ലെന്നും പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. ദിലീപ് കേസിനുപോയിരുന്നെങ്കില്‍ സംഘടന കുടുങ്ങിയേനെയെന്ന് സിദ്ദിഖ് പറഞ്ഞു.
പുറത്താക്കല്‍ പ്രഖ്യാപിച്ച മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായം പറഞ്ഞില്ല. അതോടെ കാര്യമായ ചര്‍ച്ചകളോ എതിര്‍സ്വരങ്ങളോ ഇല്ലാതെ കഴിഞ്ഞ കമ്മിറ്റിയില്‍ ട്രഷററായിരുന്ന ദിലീപിനെ തിരിച്ചെടുക്കാന്‍ ധാരണയായി. ഉച്ചയ്ക്കു ശേഷം ചേര്‍ന്ന പുതിയ നിര്‍വാഹക സമിതി യോഗവും ഇത് അംഗീകരിച്ചു.
ദിലീപിനെ പുറത്താക്കിയതു തെറ്റായെന്നു സ്ഥാപിക്കാന്‍ മുന്‍പു ജഗതി ശ്രീകുമാറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണു ചെയ്തതെന്നും സമ്മേളനത്തില്‍ പ്രധാന ഭാരവാഹി ചൂണ്ടിക്കാട്ടി. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച ‘അമ്മ’ യോഗത്തില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്നു രൂപീകരിക്കപ്പെട്ട മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി അംഗങ്ങളാരും പങ്കെടുത്തില്ല. ഇവര്‍ക്കു പരസ്യ പിന്തുണ നല്‍കിയിരുന്ന പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള യുവ നിരയിലെ താരങ്ങളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു.
അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ.ബി. ഗണേഷ് കുമാറും മുകേഷും ചുമതലയേറ്റു. 17 വര്‍ഷം സംഘടനയെ നയിച്ച ഇന്നസെന്റിന് പകരക്കാരനായാണ് മോഹന്‍ലാല്‍ സ്ഥാനമേറ്റത്. സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും തിരഞ്ഞെടുത്തു.
എംപിയായ സാഹചര്യത്തില്‍ പ്രസിഡന്റ് പദവി ഒഴിയുകയാണെന്ന് ഇന്നസന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലുള്ള സംഘടനാ മികവും തന്നെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ പാര്‍ട്ടിയുടെ മനസ്സിലുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എംപിയായപ്പോഴും ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തിരുന്നതിന്റെ ഗുണം ലഭിച്ചിരുന്നു. സംഘടനാ മികവാണ് അതില്‍ പ്രധാനം. ഇതൊന്നും മറക്കാനാകില്ലെന്നും ഇന്നസന്റ് വ്യക്തമാക്കി.
പുതുതായി 11 നിര്‍വാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ആസിഫ് അലി, അജു വര്‍ഗീസ്, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, സുധീര്‍ കരമന, ടിനി ടോം, രചന നാരായണന്‍ക്കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ ചേര്‍ന്നതാണ് നിര്‍വാഹക സമിതി.
സംഘടനയുടെ ചരിത്രത്തിലാദ്യമായി മാധ്യമങ്ങള്‍ക്കു പ്രവേശനം നിഷേധിച്ചാണു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സമ്മേളനം ചേര്‍ന്നത്. പതിവു പത്രസമ്മേളനവും ഒഴിവാക്കി. പകരം പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ഉള്‍പ്പെടെയുള്ള സമ്മേളന നടപടികള്‍ ഫെയ്‌സ്ബുക് വഴി തല്‍സമയം കാണിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ‘അമ്മ’യുടെ ഔദ്യോഗിക പേജില്‍ യോഗത്തിന്റെ ചില വീഡിയോകളും ഷെയര്‍ ചെയ്തിരുന്നു.