മദീന: പുതുതായി വാഹനമോടിക്കാന്‍ അനുമതി ലഭിച്ച അരലക്ഷത്തിലധികം സൗദി വനിതകള്‍ നിരത്തിലിറങ്ങാന്‍ തയാറെടുത്തിരിക്കെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ട്രാഫിക് വിഭാഗം അറിയിച്ചു. പ്രധാന റോഡുകളില്‍ മുന്നറിയിപ്പ് വിവരങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. പരിശീലനം സിദ്ധിച്ച നാല്‍പ്പതോളം വനിതാ ട്രാഫിക് ഉദ്യോഗസ്ഥകള്‍ ജോലിയില്‍ പ്രവേശിച്ചു. വനിതകള്‍ വാഹനമോടിക്കുന്നതിനാല്‍ ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്യാനുതകുന്ന തരത്തില്‍ വിദഗ്ധ പരിശീലനമാണ് അവര്‍ക്ക് നല്‍കിയത്. ഇന്‍ഷുറന്‍സ് കമ്പനിയായ നജ്മാന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.
വിവിധ ഡ്രൈവിങ് പരിശീലന സ്‌കൂളുകളില്‍ ആയിരക്കണക്കിനു സ്ത്രീകള്‍ ലൈസന്‍സിനായി പരിശീലനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ദമാമിലെ ഇമാം അബ്ദുറഹ്മാനു ഇബ്‌നു ഫൈസല്‍ യൂണിവേഴ്‌സിറ്റി ഡ്രൈവിങ് സ്‌കൂളില്‍ മാത്രം 13,000ത്തിലേറെ വനിതകള്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിനിടെ വാഹന നിയമ ലംഘനങ്ങള്‍ ഉണ്ടായാല്‍ യാതൊരുവിധ ഇളവുകളും വനിതകള്‍ക്ക് ഉണ്ടാവില്ല. നിയമ ലംഘകര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യും. ആളുകള്‍ മരിക്കുകയോ 15 ദിവസം ചികിത്സ കാലാവധി വേണ്ടി വരികയോ ആണെങ്കില്‍ ഡ്രൈവര്‍ അറസ്റ്റ് ചെയ്യപ്പെടും.
ഈ മാസം 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാമെന്ന് സല്‍മാന്‍ രാജാവ് ചരിത്ര പ്രഖ്യാപനം നടത്തിയിരുന്നു. ഇതോടെ ഇനാം ഗാസിയെപോലെ 3000ത്തോളം വനിതകള്‍ കരീം ഓണ്‍ലൈന്‍ ടാക്സി കമ്പനിയില്‍ ഡ്രൈവര്‍ ജോലിക്ക് അപേക്ഷ കൊടുത്തു കഴിഞ്ഞു.
സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സി സംവിധാനവും ഉടന്‍ നിലവില്‍ വരും. കുടുംബങ്ങള്‍ക്ക് വേണ്ടി മാത്രമേ അത്തരത്തിലുള്ള വാഹനങ്ങള്‍ ഓടിക്കാവൂ. ഡ്രൈവര്‍ സൗദി അല്ലാതിരിക്കുക യാത്രികര്‍ പുരുഷന്മാര്‍ മാത്രമായിരിക്കുക, അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ വാഹനം ഓടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 5,000 റിയാല്‍ ആയിരിക്കും പിഴ. വാഹനത്തിന്റെ മുന്‍സീറ്റില്‍ പുരുഷനോ, കുട്ടികളോ ഇരിക്കാനും പാടില്ല.
നിര്‍ദിഷ്ട ദിവസത്തിനു മുന്‍പ് ആയി സ്ത്രീകള്‍ നിരത്തിലിറങ്ങിയാല്‍ 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക് ഡയറക്ട്രറയേറ്റ് അറിയിച്ചു. ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ തൊള്ളായിരം റിയാല്‍ പിഴ ലഭിക്കുകയും ചെയ്യും.