മിനാ: ഹജ് കര്‍മങ്ങള്‍ ഇന്ന് അവസാനിക്കുന്നതോടെ ഹാജിമാര്‍ മിനായോടു വിടപറയും. മൂന്നാം ദിനത്തിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ ഭൂരിഭാഗം തീര്‍ഥാടകരും ഇന്നലെ തന്നെ കൂടാരനഗരിയോടു യാത്രപറഞ്ഞു. മഗ്രിബിനു മുന്‍പായി മിനാ വിടാന്‍ കഴിയാത്തവര്‍ ഇന്നുകൂടി ഇവിടെ തങ്ങി നാലാം ദിനത്തിലെ കല്ലേറ് നിര്‍വഹിച്ച ശേഷം മടങ്ങും.
ഇന്ത്യയില്‍നിന്നെത്തിയ ഭൂരിഭാഗം പേരും ഇന്നാണു മിനാ വിടുക. ഇക്കുറി വിദേശികള്‍ക്കു പുറമെ, ആഭ്യന്തര ഹാജിമാര്‍ക്കും ജംറകളില്‍ പ്രത്യേക സമയം നിശ്ചയിച്ചതിനാല്‍ തിരക്കു പൂര്‍ണമായും നിയന്ത്രിക്കാനായി. വണ്‍വേ സംവിധാനവും റോഡുകളിലെ നിയന്ത്രണങ്ങളും ജംറ പാലത്തിലെ ഹാജിമാരുടെ സഞ്ചാരം എളുപ്പമാക്കി. വിദേശ തീര്‍ഥാടകരുടെ മടക്കയാത്ര ഇന്നലെ തന്നെ ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നെത്തിയവരാണ് ആദ്യം മടങ്ങിയത്. ഇന്ത്യക്കാരുടെ ജിദ്ദയില്‍ നിന്നുള്ള മടക്കം ആറിനു തുടങ്ങും. ഹജ് കമ്മിറ്റി ചുമതലയിലെത്തിയ മലയാളി ഹാജിമാര്‍ മദീന സന്ദര്‍ശനത്തിനു ശേഷം 21 മുതലാണു മടക്കയാത്ര.