ഇല്ലിനോയ്‌സ്: കാമുകനെ സ്വന്തമാക്കുന്നതിന് ഇയാളുടെ ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് അറസ്റ്റിലായത് മലയാളി യുവതി. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി ചെയ്യുന്ന സംഘത്തിന് 10,000 ഡോളറിന്റെ ക്വട്ടേഷന്‍ നല്‍കിയ ഇല്ലിനോയ് ഡെസ്‌പ്ലെയ്ന്‍സില്‍ നിന്നുള്ള ടീനാ ജോണ്‍സിനെ (31) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല കീഴ്വായ്പ്പൂര്‍ സ്വദേശികളുടെ മകളാണ് നഴ്‌സായ ടീന. പൊലീസ് കേസ് എടുത്തതോടെ ടീനയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ക്വട്ടേഷന്‍ നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കുന്ന സംഘത്തെയാണ് ടീന സമീപിച്ചത്. പക്ഷേ, അന്വേഷത്തിനിടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഇല്ലിനോയ്‌സ് ഡ്യുപേജ് കൗണ്ടി പൊലീസിന് കഴിഞ്ഞ വ്യാഴാഴ്ച ഇതു സംബന്ധിച്ചു സൂചന ലഭിച്ചിരുന്നു. ഇതിനെ കുറിച്ചു അന്വേഷണം നടക്കുന്നതിനിടയിലാണ് ഏപ്രില്‍ 17ന് ചൊവ്വാഴ്ച ടീന നേരിട്ടു പൊലീസ് സ്റ്റേഷനില്‍ ഹാജരായി കീഴടങ്ങിയത്. ഡ്യുപേജ് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന നിരവധി സൈറ്റുകളും സംഘങ്ങളും യുഎസില്‍ ഉണ്ട്. ഇതില്‍ ഒന്നുമായാണ് ടീന ബന്ധപ്പെട്ടത്. ബിറ്റ് കോയിന്‍ വഴിയാണ് ഇടപാട് നടത്തിയത്.
മെയ്വുഡ് ലൊയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ റജിസ്‌ട്രേര്‍ഡ് നഴ്‌സാണ് ടീനാ. ഇതേ ആശുപത്രിയിലെ അനസ്‌തേഷ്യോളജിയില്‍ റസിഡന്‍സി പൂര്‍ത്തിയാക്കിയ ഡോക്ടറാണ് കാമുകന്‍. കോടതിയില്‍ ഹാജരായ ടീനക്ക് 25,0000 ഡോളറിന്റെ ജാമ്യം ജഡ്ജി ജോര്‍ജ് ബേക്കലിസ് അനുവദിച്ചു. ജാമ്യ സംഖ്യയുടെ പത്തുശതമാനം അടച്ച് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 25 ന് കേസ് വാദം കേള്‍ക്കും.