കബാലിക്ക് ശേഷം പാ രഞ്ജിത്ത്-രജനി കൂട്ടുകെട്ടില്‍ ഒരുങ്ങിയ കാലാ ഉടന്‍ തിയേറ്ററുകളിലെത്തും. തമിഴ് സിനിമാ മേഖലയിലെ സിനിമാ സമരം കാരണം ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് തന്നെ ആരാധകര്‍ക്കായി ആ സന്തോഷ വാര്‍ത്ത പുറത്തുവിട്ടു.
ജൂണ്‍ 7ന് വിവിധ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുമെന്ന് ധനുഷ് പറഞ്ഞു. നേരത്തെ ഏപ്രില്‍ 27ന് പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ സിനിമാ സമരം കാരണം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം അവതാളത്തിലാകുകയായിരുന്നു. ലേറ്റായി വന്നാലും ലേറ്റസ്റ്റായി തലൈവര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യാന്‍ മമ്മൂട്ടിയെ സമീപിച്ചിരുന്നതായി സംവിധായകനും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ മുന്നോട്ടു പോയില്ല.
ചിത്രത്തില്‍ നാനാ പടേക്കര്‍ അവതരിപ്പിച്ച് വേഷമായിരുന്നു മമ്മൂട്ടിക്ക് എന്നായിരുന്നു സൂചന. അതേ സമയം കാലയില്‍ അംബേദ്ക്കര്‍ സിനിമയില്‍ നിന്നുള്ള രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളതായും പല വാര്‍ത്തകളും ഉയരുന്നുണ്ട്.