മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ യേശുദാസിനെ തേടിയെത്തിയിരിക്കുന്നു. വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം വരെ എന്ന ഗാനത്തിനാണ് യേശുദാസിന് എട്ടാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 2017ല്‍ ലഭിച്ച പദ്മവിഭൂഷനൊപ്പം ഈ പുരസ്‌കാരം കൂടിയായപ്പോള്‍ ഇരട്ടിമധുരമായി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രമേശ് നാരായണന്‍ സംഗീതം പകര്‍ന്ന ഗാനമാണിത്.
1972ല്‍ പുറത്തിറങ്ങിയ കെഎസ് സേതുമാധവന്റെ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ കേരളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ പാട്ടുകളിലൊന്നാണ്. വയലാര്‍ രാമവര്‍മ രചിച്ച് ജി ദേവരാജന്‍ സംഗീതം നല്‍കിയ ഈ ഗാനത്തിനാണ് യേശുദാസ് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുന്നത്. തുടര്‍ന്ന് 1973, 76, 82, 87, 91, 93 വര്‍ഷങ്ങളിലും യേശുദാസ് പുരസ്‌കാരം നേടി.
1973ല്‍ പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത ഗായത്രി എന്ന ചിത്രത്തിലെ വയലാര്‍ -ദേവരാജന്‍ ടീമിന്റെ ‘പത്മതീര്‍ത്ഥമേ ഉണരൂ’ എന്ന പാട്ടിനായിരുന്നു രണ്ടാമത്തെ ദേശീയ പുരസ്‌കാരം.
1976ല്‍ ബസു ചാറ്റര്‍ജി സംവിധാനം ചെയ്ത ചിത്ചോര്‍ എന്ന ഹിന്ദി സിനിമയില്‍ രവീന്ദ്ര ജയിന്‍ സംഗീതവും ഗാന രചനയും നിര്‍വഹിച്ച ‘ജബ് ദീപ് ജലേ ആനാ’, ‘ഗോരി തേരാ ഗാവ് ബഡാ പ്യാരാ’ എന്നീ ഗാനങ്ങളിലൂടെ ദേശീയ പുരസ്‌കാരം യേശുദാസിനെ തേടിയെത്തി. കാഴ്ച കിട്ടിയാല്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് യേശുദാസിനെ ആണ് എന്ന് രവീന്ദ്ര ജയിന്‍ പറഞ്ഞത് ശ്രദ്ധേയമായിരുന്നു.