ലണ്ടന്‍: വശ്യമനോഹരമായ മലയാളത്തെ മധുരമുള്ള ഈണങ്ങള്‍ ചേര്‍ത്തു വിളമ്പുകയാണ് ”ബൃന്ദാവനി”യില്‍. മറുനാട്ടില്‍ ജീവിക്കുമ്പോഴും മാതൃഭാഷയെയും അതിന്റെ ഈണങ്ങളെയും ഭാവങ്ങളെയും മനസില്‍ സൂക്ഷിക്കുന്ന കലാസ്‌നേഹികളായ ദമ്പതികള്‍ തങ്ങളുടെ സുഹൃത്തുക്കളുടെ സഹകരണത്തോടെ അണിയിച്ചൊരുക്കിയ സംഗീത ആല്‍ബംബൃന്ദാവനി ആസ്വാദകര്‍ക്ക് നല്‍കുന്നത് പുതിയൊരു ഗാനാനുഭവം.
ബ്രിട്ടനിലെ കെന്റില്‍ താമസിക്കുന്ന ഗായകന്‍ റോയി സെബാസ്റ്റ്യനുംകവയിത്രിയായ ഭാര്യ ബീനാ റോയിയുമാണ്”അനാമിക” കെന്റിന്റെ ബാനറില്‍ പുതിയ സംഗീത ആല്‍ബമൊരുക്കി കലാസ്വാദകര്‍ക്ക് നവ്യാനുഭവം പകരുന്നത്. ഇവര്‍ക്കൊപ്പം സംഗീതം സപര്യയാക്കിയ ഒരു സംഘത്തിന്റെ ആത്മാര്‍ഥമായ ശ്രമങ്ങള്‍കൂടിയായതോടെ ബൃന്ദാവനി ദൃശ്യ-ശ്രവണ സുന്ദരിയായി.
വ്യത്യസ്തങ്ങളായ ആറു ഗാനങ്ങള്‍ അടങ്ങിയതാണ് ഈ വിഡിയോ ആല്‍ബം. അര്‍ഥപൂര്‍ണമായ അക്ഷരക്കൂട്ടുകൊണ്ടും ശ്രുതിമധുരമായ സംഗീതംകൊണ്ടും ആലാപന ഭംഗികൊണ്ടും ശ്രോതാക്കളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിക്കുകയാണ് ബൃന്ദാവനി.ശ്രദ്ധേയമായ കവിതകളിലൂടെ ഇതിനോടകം ബ്രിട്ടനിലെ മലയാളികള്‍ക്കിടയില്‍ പ്രശസ്തയായ ബീനാ റോയിയാണ് ആല്‍ബത്തിലെ ഗാനങ്ങളെല്ലാം രചിച്ചിരിക്കുന്നത്. സംഗീത അധ്യാപകനും സംവിധായകനായ പ്രസാദ് എന്‍.എ യാണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. റോയി സെബാസ്റ്റ്യനാണ് മുഖ്യ ഗായകന്‍. നാലു സോളോയും രണ്ടു യുഗ്മഗാനങ്ങളും അടങ്ങിയ ആല്‍ബത്തില്‍ റോയിയോടൊപ്പം ഗായികയും വീണാ ആര്‍ട്ടിസ്റ്റുമായ മേന മേലത്തും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.