അടൂര്‍: ഒരു കി.മീറ്റര്‍ പൊതുമരാമത്ത് റോഡ് നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് തുക 75 ലക്ഷം. നിര്‍മാണ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞപ്പോള്‍ 62 ലക്ഷത്തിന് റോഡ് പൂര്‍ത്തിയായി. ഒരു മാസം തികയുന്നതിന് മുന്‍പ് റോഡിന്റെ ഉപരിതലം പൊളിഞ്ഞ് ഇളകാനും തുടങ്ങി. ടാറിങ്ങില്‍ വന്‍ അഴിമതി ആരോപിച്ച് നാട്ടുകാര്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്, കടമ്പനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളെ ബന്ധിപ്പിച്ച് കടന്നു പോകുന്ന കുണ്ടോം വെട്ടത്ത് മലനട- ഗണേശവിലാസം അടയപ്പാട് റോഡാണ് 62 ലക്ഷത്തിന് പുതുക്കി നിര്‍മിച്ചത്. ടാറിങ് കഴിഞ്ഞ് ഒരു മാസമായ റോഡിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കാലൊന്ന് അമര്‍ത്തിച്ചവിട്ടിയാല്‍ റോഡ് പൊളിഞ്ഞ് ഇളകും. കഴിഞ്ഞ ദിവസം തടി ലോറി കടന്നു പോയതോടെ റോഡിന്റെ ഒരു ഭാഗം ഭൂമിയിലേക്ക് താഴ്ന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ നാടിന്റെ ഉത്സവമായിട്ടാണ് നിര്‍മാണോദ്ഘാടനം നടന്നത്.
വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്ക് വെറുംവാക്കുകകളല്ല, നിറവേറ്റാനുള്ളതാണ് എന്ന പേരില്‍ നാടുമുഴുവന്‍ ഫ്ളക്സും പോസ്റ്ററും വച്ചായിരുന്നു നിര്‍മാണ ഉദ്ഘാടനം. ഇതിനായി ശിലാഫലകവും സ്ഥാപിച്ചു. ജനുവരിയിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. സംരക്ഷണ ഭിത്തി, ഓടകള്‍, കലുങ്ക്, റോഡ് നിരപ്പാക്കല്‍ അങ്ങനെ എല്ലാ പദ്ധതികള്‍ക്കും ചേര്‍ത്താണ് 62 ലക്ഷം രൂപ അനുവദിച്ചത്. നടന്നത് ടാറിങ് മാത്രം. അതാകട്ടെ നിശ്ചിത അളവില്‍ ടാറോ മെറ്റിലോ ചേര്‍ക്കാതെയും. ഇതോടെ റോഡില്‍ കൂടി കാല്‍നടയാത്ര പോലും സൂക്ഷിച്ച് വേണമെന്ന അവസ്ഥയായി. കാലു കൊണ്ട് ചുമ്മാതൊന്ന് തോണ്ടിയാല്‍ ടാര്‍ ഇളകി തെറിക്കും. വമ്പന്‍ അഴിമതിയാണ് ടാറിങ്ങില്‍ നടന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചവിട്ടിയാല്‍ ഉടന്‍ പാതാളത്തിലേക്ക് താഴുന്ന റോഡിന്റെ വീഡിയോയും ചിത്രങ്ങളും സഹിതം നാട്ടുകാര്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പരാതി നല്‍കിയിരുന്നു. ഉടനടി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/pravasibulletin/videos/172758223449272/