അടൂര്‍: പരിസ്ഥതിയ്ക്ക് നാശമുണ്ടാക്കുന്ന വൈദ്യന്‍സില്‍ക്‌സ് ഉടമയുടെ മണ്ണെടുപ്പ് വീണ്ടും തുടങ്ങുവാന്‍ നീക്കം. പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫിസിനു സമീപം അനധികൃതമായി പച്ചമണ്ണ് ഖനനം ചെയ്ത് സംസ്ഥാനപാതയില്‍ അപകടമുണ്ടാക്കിയ വൈദ്യന്‍സ് സില്‍ക്സ് ഉടമ പരിസ്ഥിതിക്കു നാശമുണ്ടാക്കുന്നത് ഇതാദ്യമല്ല.
അടൂര്‍ സെന്‍ട്രല്‍ ജംഗ്ഷനു കിഴക്ക് ആക്സിസ് ബാങ്കിന് എതില്‍വശം ബഹുനിലസമുച്ചയവും വൈദ്യന്‍സ് സില്‍ക്സ് വസ്ത്രവ്യാപാരശാലയുമുള്ള സ്വകാര്യ വ്യക്തിയാണ് പുതിയ സമുച്ചയം പണിയുന്നതിന് കെ.പി റോഡരികില്‍ ആഴത്തില്‍ മണ്ണെടുത്തത്. ഇയാളുടെ വൈദ്യന്‍സ് സില്‍ക്സ് വസ്ത്രവ്യാപാരശാലയുടെ മുന്നില്‍ സാമൂഹിക വനംവകുപ്പിന്റെ ബദാം മരത്തിന്റെ ചില്ലകള്‍ മൂന്നു വര്‍ഷം മുമ്പ് വെട്ടി ഒറ്റത്തടിയാക്കി വെട്ടിമുറിക്കാനുള്ള ശ്രമത്തിനെതിരെ സാമൂഹിക വനംവകുപ്പും അടൂര്‍ പൊലീസും കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒറ്റത്തടിയായി നിലകൊള്ളുന്ന മരത്തിനെ ഉണക്കാന്‍ പലതവണ ശ്രമിച്ചിരുന്നു.
ഇപ്പോഴും മരത്തില്‍ പൊട്ടിമുളക്കുന്ന ഇലകള്‍ അടര്‍ത്തികളയുന്നത് തുടരുകയാണ്. നഗരത്തില്‍ നിയമം ലംഘിച്ച് അനധികൃതമായി എടുത്ത മണ്ണ് റോഡില്‍ വീണ് ചെളിക്കുണ്ടായപ്പോള്‍ മറിഞ്ഞ് വീണത് നിരവധി ബൈക്ക് യാത്രികരാണ്. പരിക്കേറ്റ ഇവരെ പോലീസ് തന്നെ ആശുപത്രിയിലുമാക്കി. എന്നാല്‍ കേസ് എടുക്കാന്‍ പൊലീസ് തയാറായില്ല. പൊതുപാതകളിലെ നിയമലംഘനങ്ങള്‍ക്കെതരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. വൈദ്യന്‍സ് സില്‍ക്സ് ഉടമ നിയമം ലംഘിച്ച് മണ്ണ് എടുക്കുന്നതായി റവന്യൂ, പോലീസ് സംഘത്തിന് അറിയാമായിരുന്നു.
റോഡിലെ ചെളി നീക്കംചെയ്യുന്നതിന് മണ്ണെടുപ്പ് നടത്തിയ സ്വകാര്യവ്യക്തിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നഗരസഭ ഇടപെട്ടാണ് ചെളി നീക്കം ചെയ്തത്. 2000 മെ.ടണ്‍ മണ്ണ് നീക്കം ചെയ്ത് വാഹനത്തില്‍ കൊണ്ടു പോകുന്നതിന് 200 ൈസുകളും1930 മെട്രിക്.ടണ്‍ മണ്ണ് നീക്കം ചെയ്ത് വാഹനത്തില്‍ കയറ്റി കൊണ്ടു പോകുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ 11 വരെ 193 പാസുകളും അനുവദിച്ചതായാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെ രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അനുമതി നല്‍കിയതിനെക്കാളും ആഴത്തിലും പരപ്പിലും മണ്ണെടുക്കുകയായിരുന്നു. വസ്തുവിന് തെക്ക് സ്ഥിതി ചെയ്യുന്ന വീടും മണ്ണെടുപ്പ് മൂലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് അടൂര്‍ ആര്‍.ഡി.ഒ.യുടെ റിപ്പോര്‍ട്ടിന്‍ പ്രകാരം ജില്ലാ എ.ഡി. എം. ഒ. ഇടപെട്ട് സ്റ്റോപ്‌മെമ്മോ നല്‍കുകയായിരുന്നു. എന്നാല്‍ ഉന്നതങ്ങളില്‍ പിടിപാടുള്ള വൈദ്യന്‍സില്‍കസ് ഉടമ വീണ്ടും മണ്ണെടുപ്പ് പുനരാരംഭി്ക്കാനുള്ള ശ്രമത്തിലാണ്.