മസ്‌കത്ത്: വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍ ആരംഭിക്കുന്ന ലോക കേരള സഭയിലേക്ക് ഒമാനില്‍ നിന്ന് ഏഴ് പ്രതിനിധികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. ചിലര്‍ക്ക് പ്രത്യേക ക്ഷണവും ലഭിച്ചിട്ടുണ്ട്. സാമൂഹിക, സാംസ്‌കാരിക, വ്യവസായ മേഖലകളില്‍ കഴിവുതെളിയിച്ചവരാണ് ഒമാനിലെ പ്രവാസി മലയാളികളെ പ്രതിനിധീകരിക്കുന്നത്.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കണ്‍വീനറും സാമൂഹിക ക്ഷേമനിധി അംഗവുമായ പി.എം. ജാബിര്‍, വ്യവസായികളായ ഡോ. പി മുഹമ്മദലി, വി.ടി. വിനോദ്, ഒഐസിസി പ്രസിഡന്റ് സിദ്ദീഖ് ഹസന്‍, കെഎംസിസി പ്രസിഡന്റ് റഈസ് അഹമ്മദ്, തയ്യില്‍ ഹബീബ്, എ.കെ. പവിത്രന്‍ എന്നിവരാണ് ഒമാനില്‍ നിന്നും നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍.
പ്രവാസി മലയാളികളുടെ പൊതുവിഷയങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം ഒമാനിലെ മലയാളികളുടെ ശബ്ദമാകാനും ശ്രമിക്കുമെന്ന് ഇവര്‍ മസ്‌കത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക കേരള സഭയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന കാര്യങ്ങളില്‍ പൂര്‍ണതവരുത്തുന്നതിന് തങ്ങളാല്‍ സാധിക്കുന്നത് ചെയ്യുമെന്നും ഇവര്‍ പറഞ്ഞു.
പ്രവാസി മലയാളി പൊതുവേദിയായ ലോക കേരള സഭയുടെ ആദ്യസമ്മേളനം ജനുവരി 12, 13 തീയതികളിലാണ് നടക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉള്‍പ്പടെയുള്ളവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കുന്ന ലോക കേരള സഭയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മികവറിയിച്ച മലയാളികളും സംബന്ധിക്കും.
പവാസി പ്രതിനിധികളുടെ ശബ്ദം കേള്‍ക്കാന്‍ സര്‍ക്കാര്‍ ഒരുക്കുന്ന വേദിയില്‍ ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. സഭയില്‍ ഉയര്‍ന്നുവരുന്ന പൊതുസമ്മതമായ തീരുമാനങ്ങള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും നടപ്പാക്കുകയും ചെയ്യും.