ചെന്നൈ: കസബ വിവാദത്തെ തുടര്‍ന്ന് തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കിയ പാര്‍വതിയ്ക്ക് പിന്തുണയുമായി ഗായിക ചിന്മയി ശ്രീപദ. സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം നടത്തുന്നവര്‍ മുഖംമൂടി ധരിച്ചിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായെന്നും അവര്‍ക്കെതിരെ താന്‍ സോഷ്യല്‍ മീഡിയയിലൂടെ ക്യാമ്പയിന്‍ നടത്തിയെന്നും രണ്ടു പേരെ ജയിലിലടച്ചെന്നും ചിന്മയ് ട്വീറ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു. പൊലീസില്‍ പരാതി നല്‍കിയ പാര്‍വ്വതിയെ അഭിനന്ദിക്കുകയും ചെയ്തു അവര്‍.
തന്റെ പരാതിയില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ കളക്ടറേറ്റിലെ ക്ലര്‍ക്കാണെന്നും മറ്റൊരാള്‍ നിഫ്റ്റിലും ജോലി ചെയ്തിരുന്നയാളാണെന്നും ചിന്മയ് ചൂണ്ടിക്കാണിക്കുന്നു. മദ്രാസ് ഹൈക്കോടതിയില്‍ ഇന്നും കേസ് നടക്കുകയാണെന്നും അവര്‍ പറയുന്നു.’ ഈ നീചന്മാര്‍ ജാതീയമായി അധിക്ഷേപിക്കാം, ആസിഡ് ആക്രമണവും ബലാല്‍സംഗ ഭീഷണിയും മുഴക്കാം, അവയെ തരണം ചെയ്യുക അത്ര എളുപ്പമല്ല, പക്ഷേ ധൈര്യമായി മുന്നോട്ടും പോകണം’ ചിന്മയി ട്വീറ്റില്‍ കുറിക്കുന്നു.
ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റില്‍ ചിന്‍മയി പോസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ പരാതിക്കു നിരവധി പേരാണ് പിന്തുണ നല്‍കിയത്. കൂട്ട ബലാല്‍സംഗം ചെയ്യുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ചിന്മയി തന്റെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്തിയത്. തനിക്കെതിരെ ഭീഷണി മുഴക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അവര്‍ രംഗത്തെത്തിയത്.
നേരത്തെ, തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് കാട്ടി നടി പാര്‍വ്വതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നു എന്നു കാട്ടിയാണ് പാര്‍വതി പരാതി നല്‍കിയിരിക്കുന്നത്.
മമ്മൂട്ടി നായകനായി അഭിനയിച്ച കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ച് നടത്തിയ വിമര്‍ശനത്തിന് പിന്നാലെ നടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ സംഘടിത സൈബര്‍ ആക്രമണം നടന്നിരുന്നു. മമ്മൂട്ടി ആരാധകയായിരുന്നു ആക്രമണത്തിന് പിന്നില്‍.
പാര്‍വ്വതിയെ പിന്തുണച്ച് രംഗത്തെത്തിയ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും സമാനമായ സൈബര്‍ അക്രമണം നേരിടേണ്ടി വന്നിട്ടുള്ളതായും പരാതിയില്‍ പറയുന്നു.