ഭംഗി മാത്രം നോക്കി ക്രിസ്മസ് കേക്ക് വാങ്ങരുത്! കേക്കുകളില്‍ നിരോധിച്ച രാസവസ്തുക്കളും നിറങ്ങളും; കേക്കിനു തിളക്കം വരാന്‍ അലൂമിനിയം മെറ്റല്‍

16 second read

കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്ത് ചന്തം വരുത്തിയ ക്രിസ്മസ് പുതുവത്സര കേക്കുകള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. മധുര പലഹാരങ്ങളില്‍ ചേര്‍ക്കാന്‍ പാടുള്ളതും അല്ലാത്തതുമായ ഒട്ടേറെ നിറങ്ങളും രാസവസ്തുക്കളും ഉപയോഗിച്ചാണ് ഭൂരിഭാഗം കേക്കുകളും നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് ന്യൂ ഇയര്‍ കാലത്ത് ചോക്ലേറ്റ് കൊണ്ട് അലങ്കരിച്ച കേക്കില്‍ ‘കഫീന്‍’ കണ്ടെത്തിയിരുന്നു. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും ആസക്തി ഉണ്ടാക്കുന്നതാണ് ഈ രാസവസ്തു. ഉത്തരകേരളത്തിലെ ഒരു ബേക്കറിയുടെ കേക്കിന് ഭംഗിയും തിളക്കവുമേറെയാണ്. പരിശോധനയില്‍ അലൂമിനിയം മെറ്റല്‍ ലായനി ചേര്‍ത്താണ് കേക്കിനെ തിളക്കമുള്ളതാക്കിയതെന്നു വ്യക്തമായി. ഇതു സംബന്ധിച്ച കേസ് തലശ്ശേരി കോടതിയില്‍ നടന്നുവരികയാണ്.

പത്തനംതിട്ട ജില്ലയില്‍ അടൂരിലെ ചില റെസ്റ്റോറില്‍ കേക്കുകള്‍ക്ക് ചോക്ലേറ്റ് അലങ്കാരം കൂടുതലാണ്. ചോക്ലേറ്റിനോട് ഇവിടത്തുകാര്‍ക്കുള്ള പ്രിയം ബേക്കറിക്കാര്‍ മുതലെടുക്കുകതന്നെ ചെയ്തു. അതുകൊണ്ടു തന്നെ ഹെവി മെറ്റലും കഫീനും ചേര്‍ക്കുന്നത് ഇവിടെ വ്യാപകമാണ്. അടുത്ത കാലത്തായി നിരോധിക്കപ്പെട്ട അമരാന്ത് എന്ന ലായനി ഇപ്പോഴും സുലഭമാണ്. ബേക്കറിക്കകത്തെ അലമാരിയില്‍ അമരാന്ത് ഭദ്രമായി സൂക്ഷിച്ചു വെക്കുന്നു. കേക്കുകള്‍ക്കും മറ്റും ബ്രൗണ്‍ നിറം നല്‍കാനാണ് ഇത് ഉപയോഗിക്കുന്നത്. മുന്‍കാലങ്ങളില്‍ അമരാന്ത് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കാന്‍ അനുമതി ഉണ്ടായിരുന്നെങ്കിലും ഇത് രോഗകാരണമാകുമെന്ന് വ്യക്തമായതോടെ നിരോധിത പട്ടികയില്‍പ്പെടുത്തുകയായിരുന്നു.

കേക്കുകളില്‍ ‘ടാര്‍ട്ടസൈന്‍’ എന്ന രാസവസ്തു വ്യാപകമായി ചേര്‍ക്കുന്നുണ്ട്. അതായത് ആയിരം കിലോഗ്രാം മൈദയില്‍ ഒരു ഗ്രാം മാത്രമാണ് ടാര്‍ട്ടസൈന്‍ എന്ന രാസവസ്തു ചേര്‍ക്കാന്‍ പാടുള്ളത്. എന്നാല്‍ കൈക്കണക്കിന് ചേര്‍ത്തു വിടുകയാണ് ക്രിസ്മസ് പുതുവത്സര കാലത്തും അല്ലാത്തപ്പോഴും.നൂറു ഗ്രാം പെട്ടിയില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ടാര്‍ട്ടസൈന്‍ വ്യാവസായികാവശ്യത്തിന് ഉപയോഗിക്കാനെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നൂറു ഗ്രാം പാക്കറ്റുകള്‍ ദിവസവും ഉപയോഗിക്കുന്ന ബേക്കറികള്‍ ഇന്നു സംസ്ഥാനത്തുണ്ട്.

ബേക്കറികളിലെ മറുനാടന്‍ തൊഴിലാളികള്‍ക്കോ തദ്ദേശിയരായ തൊഴിലാളികള്‍ക്കോ ഇത് എത്രയാണ് ചേര്‍ക്കേണ്ടതെന്ന അറിവില്ല. ബേക്കറികളില്‍ മറുനാടന്‍ തൊഴിലാളികളുടെ കടന്നുകയറ്റം ഇത്തരം രാസവസ്തുക്കളുടെ അമിതോപയോഗത്തിനും കാരണമായിട്ടുണ്ട്. വര്‍ണങ്ങള്‍ കൊണ്ട് അലംകൃതമായ കേക്കുകളിലെ മായവും ശുചിത്വവും പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ബേക്കറികളിലും കേക്കുനിര്‍മ്മാണ കേന്ദ്രങ്ങളിലും പരിശോധന നടത്തി നടപടി എടുക്കാനാണ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയത്.

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സ്‌ക്വാഡിന് നിലവിലുള്ള ജില്ലകളില്‍നിന്നും മാറിയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പരിചയമുള്ള കടകളെ ഒഴിവാക്കിയുള്ള പരിശോധന നടപ്പില്ല. കേക്കിന്റെ രുചി വര്‍ദ്ധിപ്പിക്കാന്‍ നിരോധിത രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടോ എന്നതിനാണ് പ്രധാന പരിശോധന. ബേക്കറി ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥലത്തിന്റേയും തൊഴിലാളികളുടേയും ശുചിത്വം ഉറപ്പു വരുത്താനും കര്‍ശനനിര്‍ദ്ദേശമുണ്ട്. പായ്ക്ക് ചെയ്ത കേക്കുകളുടെ കാലാവധിയും പരിശോധനയില്‍പ്പെടും.

പരിശോധനാ സ്‌ക്വാഡുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് കൂടുതല്‍ അധികാരങ്ങളും നല്‍കിയിട്ടുണ്ട്. സാമ്പിളെടുക്കാനും പിഴ ചുമത്താനും നോട്ടീസ് നല്‍കാനും സ്‌ക്വാഡുകള്‍ക്കധികാരമുണ്ട്. ലാബിലെ പരിശോധനയില്‍ മായം കണ്ടെത്തിയാല്‍ ക്രിമിനല്‍ കേസെടുക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…