മസ്‌കത്ത് :നിയന്ത്രണം ഏര്‍പ്പെടുത്തിയ തരത്തിലുള്ള ലഗേജുകളുമായി വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ നല്‍കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് കമ്പനി അറിയിച്ചു. പുതപ്പുകൊണ്ട് പൊതിഞ്ഞും കയറുകൊണ്ട് വരിഞ്ഞുകെട്ടിയുമുള്ള ലഗേജുകള്‍ക്കാണ് ഒമാനിലെ വിമാനത്താവളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
അധികൃതര്‍ നല്‍കുന്ന പെട്ടിയിലേക്ക് സാധനങ്ങള്‍ മാറ്റി പാക്ക് ചെയ്ത ശേഷമാണ് യാത്ര തുടരാന്‍ സാധിക്കുക. അടുത്ത മാസം ഒന്നു മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരിക. ഒരാഴ്ചയോളം പെട്ടികള്‍ സൗജന്യമായി അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാത്രക്കാരെ സഹായിക്കാനാണ് നടപടി. പൊതുജനങ്ങളിലേക്ക് വിവരം എത്തിക്കുന്നതിനുള്ള നടപടികള്‍ വ്യാപിപ്പിക്കുകയും ചെയ്യും.
മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും കാബിന്‍ ക്ലാസ് വ്യത്യാസമില്ലാതെ പുതിയ നിബന്ധന ബാധകമാകും. സുരക്ഷയും സുഗമമായ ചെക്ക് ഇന്‍ നടപടികളും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം. വ്യോമയാന മേഖലയിലെ ആഗോള പ്രവര്‍ത്തന രീതികള്‍ക്ക് അനുസൃതമായി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പരന്ന രൂപത്തിലല്ലാത്ത ബാഗുകളുമായി എത്തുന്നവര്‍ അനുയോജ്യമായ സ്യുട്ട്കേസുകളോ ട്രാവല്‍ ബാഗുകളിലോ റീ പാക്ക് ചെയ്യേണ്ടി വരുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്ന് ആവശ്യമായ കാര്‍ബോര്‍ഡ് പെട്ടികളാണ് സൗജന്യമായി അനുവദിക്കാന്‍ അധികൃതര്‍ തയാറായിരിക്കുന്നത്.