ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ലേലം. 1997 ല്‍ ഇറങ്ങിയ സിനിമയ്ക്ക് ഈ കാലഘട്ടത്തിലും ആരാധകര്‍ ഉണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. സുരേഷ് ഗോപിയുടെ ത്രില്ലര്‍ സിനിമകളില്‍ ഒന്നായിരുന്നു യഥാര്‍ഥത്തില്‍ ലേലം. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ലേലത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ സുരേഷ്ഗോപി നായകനാകും. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
‘കസബ’യ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2. വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ്ഗോപി വീണ്ടും അണിയറയിലേക്ക് വരുന്ന ചിത്രം കൂടിയാകും ഇത്. മറ്റു താരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കസബയ്ക്ക് തിരക്കഥയെഴുതിയത് നിഥിന്‍ തന്നെയായിരുന്നു. എന്നാല്‍ ലേലം 2 എഴുതുന്നത് രണ്‍ജി പണിക്കരാണ്.
ലേലത്തിന്റെ ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരങ്ങള്‍ ലേലം 2ലും ഉണ്ടാകും. എങ്കിലും എം ജി സോമന്‍, എന്‍ എഫ് വര്‍ഗീസ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരുടെ അസാന്നിധ്യം ഈ രണ്ടാം ഭാഗത്തിന്റെ തീരാ നഷ്ടമായിരിക്കും. കാത്തിരുന്ന് കാണാം ഇനി വരാനിരിക്കുന്ന ലേലത്തിന്റെ രണ്ടാംഭാഗം എത്രത്തോളം നീതി പുലര്‍ത്തുമെന്ന്.