മസ്‌കത്ത്: മസ്‌കത്തില്‍ ഉള്‍പ്പടെ തകര്‍ത്ത് പെയ്ത് മഴ. വെള്ളക്കെട്ടില്‍ വീണ് ഒരു ബാലന്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചപ്പോഴും മഴ മാറി നിന്ന തലസ്ഥാനത്തും ശനിയാഴ്ച രാത്രി മുതല്‍ മഴ ലഭിച്ചു. വാദികള്‍ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ റോഡുകളിലേക്ക് വെള്ളം ഒഴുകിയതോടെ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
വാഹനങ്ങളില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസും സിവില്‍ ഡിഫന്‍സും എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ബഹ്ലയിലെ വാദി മഹ്മൂറയില്‍ അകപ്പെട്ട വാഹനത്തില്‍ നിന്നും സ്വദേശി കുടുംബത്തിലെ ആറ് പേരെയും ദിബ്ബ വിലായത്തിലെ വാദിയില്‍ കുടുങ്ങിയ കാറില്‍ നിന്നും യുഎഇ പൗരന്‍മാരായ ഒരു കുടുംബത്തില്‍പെട്ട മൂന്ന് പേരെയും രക്ഷപ്പെടുത്തി.
ഇസ്‌കിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. റുസ്താഖ് കോളജ് കോമ്പൗണ്ടിന്റെ മതില്‍ ഒരുഭാഗം തകര്‍ന്നു. രണ്ട് സംഭവങ്ങളിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. രാജ്യത്തെങ്ങും തണുത്ത കാറ്റ് ശക്തമായിരുന്നു. സൊഹാര്‍, ശിനാസ്, സഹം, ഖാബൂറ, സമാഈല്‍, ദിബ്ബ, ലിമ, കസബ്, റൂവി, വാദി കബീര്‍, മത്ര, ആമിറാത്ത്, ഖുറിയാത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. മസ്‌കത്ത്, മുസന്ദം, ദാഖിലിയ്യ, ബാത്തിന ഗവര്‍ണറേറ്റുകളിലായിരുന്നു കൂടുകല്‍ മഴ. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.