തായ്വാന് സമീപം വ്യോമസേനാ വിമാനം പറത്തി ചൈനയുടെ പ്രകോപനം

0 second read

തായ്പെയ്: തായ്വാന് സമീപം വ്യോമസേനാ വിമാനം പറത്തി ചൈനയുടെ പ്രകോപനം. തായ്വാന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യാതിര്‍ത്തിയില്‍ ദീര്‍ഘനേരം ചൈനീസ് വ്യോമസേനയുടെ യുണ്‍8 വിമാനം പറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ മൂര്‍ച്ച കൂട്ടുന്നതാണ് ചൈനീസ് നടപടി.

യുണ്‍8 വിമാനം ബാഷി, മിയാകോ ജലമാര്‍ഗത്തിനു മുകളിലൂടെയാണ് പറന്നത്. ഒരു വിമാനമാണോ അതില്‍ കൂടുതലുണ്ടായിരുന്നോ എന്നു വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രി ഫെങ് ഷി ക്വാന്‍ പറഞ്ഞു. സംഭവം അറിഞ്ഞതോടെ വിമാനത്തെ നിരീക്ഷിക്കാന്‍ തായ്വാന്‍ അവരുടെ വിമാനങ്ങളും കപ്പലുകളും നിയോഗിച്ചു. നിലവില്‍ പ്രതികൂല സാഹചര്യങ്ങളില്ലെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം ഇതിനു മുന്‍പും തയ്വാനു സമീപം സൈനിക പട്രോളുകള്‍ ചൈന നടത്തിയിട്ടുണ്ട്. സൈന്യത്തെ ആധുനീകരിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ചൈനയുടെ മറുപടി. പുതിയ പോര്‍വിമാനങ്ങളും ചാരവിമാനങ്ങളും ഉള്‍പ്പെടുത്തി തീരങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നു ചൈനീസ് സൈന്യവും പറയുന്നു. അതിനിടെ, തയ്വാന് 142 കോടി ഡോളര്‍ (9230 കോടി രൂപ) വിലവരുന്ന ആയുധങ്ങള്‍ വില്‍ക്കാനുള്ള യുഎസിന്റെ തീരുമാനം പിന്‍വലിക്കണമെന്നു മാസങ്ങള്‍ക്കു മുന്‍പ് ചൈന ആവശ്യപ്പെട്ടിരുന്നു.

1949ലാണ് ചൈനയില്‍ നിന്ന് വേര്‍പെട്ട് തായ്വാന്‍ നിലവില്‍ വന്നത്. മാവോ സേദുങ്ങിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ചൈനയുടെ ഭരണം പിടിച്ചെടുത്ത സമയം. ചിയാങ് കൈഷേഖിന്റെ നേതൃത്വത്തിലുള്ള ദേശീയവാദികള്‍ തായ്വാന്‍ ദ്വീപിലേക്ക് രക്ഷപ്പെടുകയും അവിടെ മറ്റൊരു രാജ്യമായി പ്രഖ്യാപിക്കുകയുമായിരുന്നു.

തയ്വാന്‍ പ്രസിഡന്റും ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) നേതാവുമായ തായ് ഇങ് വെന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നുണ്ടെന്നാണ് ബെയ്ജിങ് സംശയിക്കുന്നത്. ചൈനയുമായി സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും ദ്വീപിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നാണ് പ്രസിഡന്റിന്റെ നിലപാട്. സ്വയംപ്രഖ്യാപിത ജനാധിപത്യ ദ്വീപിനെ അധീനതയിലാക്കാന്‍ സൈനിക നടപടി ഉണ്ടാകില്ലെന്ന് ചൈന ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…