നടന്മാര്‍ പിന്നീട് സംവിധായകരായും അതിന് ശേഷം നിര്‍മാതാവായുമൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. അത് പുതിയ സംഭവമല്ല. പുതുമുഖ നടന്മാരെല്ലാം സംവിധായകരായി മാറുകയാണ് ഇപ്പോള്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് നടനാകാനുള്ള തയ്യാറെടുപ്പിലാണ് അരുണ്‍ ഗോപി എന്ന സംവിധായകന്‍.
ആദ്യ ചിത്രം കൊണ്ടുതന്നെ മലയാള സിനിമയില്‍ സ്വന്തം പേര് പതിപ്പിച്ച സംവിധായകനാണ് അരുണ്‍ ഗോപി. ദിലീപിനെ നായകനാക്കി ഒരുക്കിയ രാമലീലയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ ചിത്രവും അരുണ്‍ ഗോപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് അഭിനയത്തിലും ഒരു കൈനോക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
മാധ്യമ പ്രവര്‍ത്തകനായ രതീഷ് രഘുനാന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അരുണ്‍ ഗോപി നായകനായി എത്തുന്നത്. സംവിധായകന്‍ തന്നെ രചന നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി അവസാനം ആരംഭിക്കും. ശ്രീവരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍ക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ പേരും മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളും ഔദ്യോഗിക പ്രഖ്യാപനവും പിന്നാലെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പൂജ റിലീസായി സെപ്തംബര്‍ 28ന് തിയറ്ററിലെത്തിയ രാമലീല എന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു അരുണ്‍ ഗോപി സംവിധായകനായി അരങ്ങേറിയത്. ഏറെ പ്രതിസന്ധികളിലൂടെ കടന്ന് പോയ ചിത്രം മലയാളത്തിലെ പത്താമത്തെ 50 കോടി ചിത്രമായി.
ആദ്യ ചിത്രം കൊണ്ട് ഒരു മാസ് ഹിറ്റ് ഒരുക്കാനുള്ള കഴിവ് തന്നിലുണ്ടെന്ന് തെളിയിച്ച സംവിധായകനാണ് അരുണ്‍ ഗോപി. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് മോഹന്‍ലാലാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാമലീല നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടമാണ്. ഏപ്രില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.