മസ്‌കത്ത് :ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ ഇന്ത്യന്‍ കമ്പനിയുടെ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സ് വരുന്നു. ലിറ്റില്‍ ഇന്ത്യ കമ്പനിയാണ് പദ്ധതിക്കുള്ള കരാറില്‍ ഒപ്പുവെച്ചത്. ബാങ്ക് മസ്‌കത്ത് ഹെഡ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ദുകം പ്രത്യേക സാമ്പത്തിക മേഖല ചെയര്‍മാന്‍ യാഹ്യാ ബിന്‍ സൈദ് അല്‍ ജാബ്രിയും ലിറ്റില്‍ ഇന്ത്യ കമ്പനി പ്രതിനിധി പ്രദീപ് നായരും ചേര്‍ന്ന് ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, ഉദ്യോഗസ്ഥര്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പഞ്ചനക്ഷത്ര ഹോട്ടല്‍, റിസോര്‍ട്ട്, യാച്ച് മറീന, വിവിധ വാണിജ്യ കെട്ടിടങ്ങള്‍, ബീച്ച് ഫ്രണ്ട് വില്ലകളോടെയും അപ്പാര്‍ട്ട്മെന്റുകളോടെയും കൂടിയുള്ള ഇന്റഗ്രേറ്റഡ് റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. 288 ദശലക്ഷം റിയാല്‍ ചെലവുവരുന്ന പദ്ധതിക്കായി സാമ്പത്തിക മേഖലാ അതോറിറ്റി ആറുലക്ഷം സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്.
ബാങ്ക് മസ്‌കത്ത് ഇസ്ലാമിക് ബാങ്കിംഗ് വിഭാഗമാണ് പദ്ധതിക്ക് വേണ്ട ധനസഹായം നല്‍കുക. ഇത് സംബന്ധിച്ച ധാരണാപത്രവും ഒപ്പിട്ടു. പദ്ധതിയുടെ ഭാഗമായ പഞ്ചനക്ഷത്ര ഹോട്ടലിന്റെ നടത്തിപ്പ് ചുമതല അമേരിക്കന്‍ ഹോട്ടല്‍ ഗ്രൂപ്പായ മാരിയറ്റിന് ആയിരിക്കും. രാജ്യത്ത് അതിവേഗം വളരുന്ന വ്യവസായ നഗരമാണ് ദുകം. ഇന്ത്യ, ചൈന, ഇറാന്‍, ഇറ്റലി കമ്പനികളുടെ നിരവധി പദ്ധതികളാണ് മേഖലയില്‍ പുരോഗമിക്കുന്നത്.