നിലക്കാത്ത മഞ്ഞ് വീഴ്ചയില്‍ വിറങ്ങലിച്ച് കൊണ്ടിരിക്കുകയാണ് ബ്രിട്ടന്‍. മിക്ക മോട്ടോര്‍വേകളിലും ബ്ലോക്ക് പതിവായിരിക്കുക യുമാണ്.പ്രതികൂലമായ കാലാസവസ്ഥയെ തുടര്‍ന്ന് ഹീത്രോവില്‍ നിന്നും ബെര്‍മിങ്ഹാമില്‍ നിന്നുമുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ട്രെയിനുകള്‍ മുടങ്ങുകയും അനേകം സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിക്ക റോഡുകളിലും കൂട്ടിയിടി പതിവായ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. താപനില മൈനസ് 15 ആയതോടെ ഇന്ന് സര്‍വത്ര അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
യുകെയുടെ മിക്ക ഭാഗങ്ങളിലും ഇന്നലെ 13 ഇഞ്ചോളം മഞ്ഞ് പെയ്തിറങ്ങിയിരിക്കുന്നത് കടുത്ത ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനെ തുടര്‍ന്ന് ഇന്ന് രാവിലെ യാത്ര കടുത്ത ദുഷ്‌കരമാകുമെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നത്. ഇന്നലെ രാത്രിയിലുടനീളം മഞ്ഞ് തുടര്‍ച്ചയായി പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ റോഡ്-റെയില്‍ ഗതാഗതങ്ങളില്‍ കടുത്ത തടസങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ വിവിധ പ്രദേശങ്ങളില്‍ താപനില മൈനസ് 15 ഡിഗ്രിയോളം താഴ്ന്നത് തികച്ചും പ്രതികൂലമായ കാലാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നാല് മണി മുതല്‍ രാവിലെ 11 വരെ സൗത്ത് ഈസ്റ്റിലും ലണ്ടനിലും ഐസ് വാണിങ് പുറപ്പെടുവിച്ചിട്ടുമുണ്ട്.
ഹീത്രോവില്‍ നിന്നും ഇന്നലെ പുറപ്പെടേണ്ടിയിരുന്ന 140 ഹ്രസ്വദൂര വിമാനങ്ങളും 26 ദീര്‍ഘദൂര വിമാനങ്ങളുമാണ് റദ്ദാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് എയര്‍വേസ് ഇന്ന് പുറപ്പെടേണ്ടിയിരുന്ന 70 ഹ്രസ്വദൂര വിമാനങ്ങളും ഒമ്ബത് ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. റിയോ, ടോക്യോ, ലോസ് ഏയ്ജല്‍സ്, തുടങ്ങിയ ഇടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയ ദീര്‍ഘദൂര സര്‍വീസുകളില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ ഈ അടുത്ത ദിവസങ്ങളിലുണ്ടായ വിമാനം റദ്ദാക്കലുകള്‍ ചുരുങ്ങിയത് 15,000 യാത്രക്കാരെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബെര്‍മിങ്ഹാമില്‍ നിന്നും ലണ്ടന്‍ സ്റ്റാന്‍സ്റ്റെഡ്, ലുട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിമാനങ്ങളും കടുത്ത മഞ്ഞ് കാരണം റദ്ദാക്കിയിരുന്നു. ഇത് മൂലം നൂറ് കണക്കിന് യാത്രക്കാരാണ് അനിശ്ചിതത്വലായത്.
കടുത്ത മഞ്ഞ് തുടരുന്നതിനാല്‍ ഇന്ന് ‘ ബ്ലാക്ക് ഐസ് മണ്‍ഡേ’ ആയിരിക്കും സംജാതമാകുന്നതെന്നാണ് ആര്‍എസി മുന്നറിയിപ്പേകുന്നത്. തങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് പത്ത് വര്‍ഷത്തിനിടെയെത്തുന്ന ഏറ്റവും തിരക്കേറിയ ദിവസമായിരിക്കുമെന്നു ഇന്ന് സഹായത്തിനായി ചുരുങ്ങിയത് 11,000 ഫോണ്‍വിളികളെങ്കിലും തങ്ങളെ തേടിയെത്തുമെന്നും ആര്‍എസി വെളിപ്പെടുത്തുന്നു. ഇന്നലെ വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് വിവിധ പൊലീസ് സേനകളും ഹൈവേ ഏജന്‍സികളും താക്കീത് നല്‍കിയിരുന്നു. റോഡുകളില്‍ കടുത്ത അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, പടിഞ്ഞാറന്‍ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പുയര്‍ത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഊഷ്മാവ് മൈനസ് 11 ഡിഗ്രിയോളം ഇടിഞ്ഞ് താഴുകയും 2017ലെ ഏറ്റവും തണുത്ത രാത്രി സംജാതമാവുകയും ചെയ്തിരുന്നു.
കടുത്ത ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് എം1ന്റെ വടക്കോട്ടുള്ള സെക്ഷന്‍ അടക്കേണ്ടി വന്നിരുന്നു. തല്‍ഫലമായി 20 മൈലോളം ദൂരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. ഗ്ലൗസെസ്റ്റര്‍ഷെയറില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കടുത്ത ഗതാഗത തടസമാണുണ്ടായിരുന്നത്. നെറ്റില്‍ടണ്‍ ബോട്ടത്തിലെ എ417 ഗ്ലൗസെസ്റ്റര്‍-സിറെന്‍സെസ്റ്റര്‍ റോഡിലാണ് കൂട്ടിയിടി നടന്നിരിക്കുന്നത്. കൗണ്ടി ദര്‍ഹാമിലെ എ 19 സൗത്ത് ബോണ്ടില്‍ 11 കാറുകളായിരുന്നു കൂട്ടിയിടിച്ചത്. ഇതിനെ തുടര്‍ന്ന് എ 689, എ 1027 ജംക്ഷനുകള്‍ക്കിടയില്‍ റോഡ് അര്‍ധരാത്രി വരെ അടച്ചിടേണ്ടി വന്നിരുന്നു. ഇന്നലെ 14,000 ബ്രേക്ക്ഡൗണുകളാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് എഎ വെളിപ്പെടുത്തുന്നത്.
കടുത്ത മഞ്ഞ് വീഴ്ചയും പ്രതികൂലമാ കാലാവസ്ഥയും നിരവധി പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും വിവിധ രോഗങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അത് വിവിധ എന്‍എച്ച്എസ് ഹോസ്പിറ്റലുകള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമാണുണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ വേണ്ടത്ര ജീവനക്കാരില്ലാതെ വീര്‍പ്പ് മുട്ടുന്ന ഹോസ്പിറ്റലുകളിലെ ദുരിതം ഇതോടെ ഇരട്ടിയായിട്ടുമുണ്ട്. ജീവനക്കാര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ എന്‍എച്ച്എസ് ട്രസ്റ്റായ ഹേര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ട്രസ്റ്റ് രംഗത്തെത്തിയിരുന്നു. ബെര്‍മിങ്ഹാം, സോളിഹുള്‍ എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകള്‍ ഇതിന് കീഴിലാണ് വരുന്നത്.
പ്രതികൂലമായ കാലാവസ്ഥ വയോജനങ്ങള്‍, കുട്ടികള്‍ , നേരത്തെ തന്നെ രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് കടുത്ത ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നും അതിനാല്‍ അവര്‍ തണുപ്പിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കടുത്ത മുന്നറിയിപ്പ് എന്‍എച്ച്എസ് നല്‍കിയിട്ടുണ്ട്. വര്‍ധിച്ച തണുപ്പ് ഹേര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് തുടങ്ങിയവക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടും മുന്നറിയിപ്പേകുന്നു.