കേരള സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് ഇനി ഓണ്‍ലൈന്‍ അപേക്ഷ

3 second read

പ്രവാസി മലയാളികള്‍ക്കു കേരള സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന് ഇനി ഓണ്‍ലൈന്‍ അപേക്ഷ. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുക. ഇതിനു മുന്നോടിയായി പ്രവാസി മലയാളി ഡേറ്റാബേസും തയാറാക്കുന്നുണ്ട്. എന്‍ആര്‍കെ ഐഡന്റിറ്റി കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ ആദ്യം പ്രവാസി കേരളീയ ഡേറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്യണം. അങ്ങനെ റജിസ്റ്റര്‍ ചെയ്തവര്‍ക്കു യൂസര്‍ നെയിമും പാസ്വേര്‍ഡും ലഭിക്കും. അതുപയോഗിച്ച് എന്‍ആര്‍കെ വെബ്‌സൈറ്റില്‍ പ്രവേശിച്ചു തിരിച്ചറിയല്‍ കാര്‍ഡിനായുള്ള അപേക്ഷ നല്‍കാം.

ലക്ഷ്യം സമഗ്രമായ ഡേറ്റാബേസ്

പ്രവാസികളെയും കേരളത്തില്‍ തിരികെയെത്തുന്ന പ്രവാസികളെയും കുറിച്ചുള്ള കൃത്യവും സമഗ്രവുമായ ഡേറ്റാബേസിനു രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി. പ്രവാസികള്‍ക്കുവേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഈ ഡേറ്റാബേസ് പ്രയോജനപ്പെടുത്താനാണു ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്ത് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും ജോലിനോക്കുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികള്‍ക്കു തങ്ങളുടെ വിവരങ്ങള്‍ ഈ ഡേറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്യാം. പ്രവാസികാര്യ വകുപ്പിന്റെ എല്ലാ സേവനങ്ങളും ലഭിക്കുന്നതിന് ഈ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിരിക്കും.

റജിസ്‌ട്രേഷന്‍ ഇങ്ങനെ

www.norkaroots.net വെബ്‌സൈറ്റില്‍ പ്രവേശിക്കുക.

ഹോം പേജില്‍ താഴെയായുള്ള ‘പ്രവാസി ഡേറ്റാബേസി’ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ മറ്റൊരു വിന്‍ഡോ തുറക്കും.

ആ പേജിലെ വിവരങ്ങള്‍ വായിക്കുക. ഏറ്റവും താഴെയായുള്ള റജിസ്റ്റര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് റജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാം.

ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ എല്ലാ പേജുകളും പൂര്‍ണമായും പൂരിപ്പിക്കുക.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കുന്ന മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവയിലേക്കാണു ലോഗിന്‍ വിവരങ്ങള്‍ ലഭിക്കുക.

പ്രാഥമിക വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്തതിനുശേഷം പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തു പൂര്‍ണവിവരങ്ങള്‍ നല്‍കാം. ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം

പ്രവാസി ഡേറ്റാബേസില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ക്കു പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പ്രവാസി ഐഡി കാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷാ ഫീസായ 300 രൂപ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.

ഇതിനു പുറമേ പാസ്‌പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പും സമര്‍പ്പിക്കണം.

വിദേശത്തു തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകുന്ന രേഖകളും നല്‍കണം.

ആഗോള സാംസ്‌കാരികോല്‍സവം

ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന ലോക കേരള സഭയുടെ ഭാഗമായി ആഗോള സാംസ്‌കാരികോല്‍സവവും സംഘടിപ്പിക്കും. ഓണ്‍ലൈന്‍ സാഹിത്യ മല്‍സരങ്ങള്‍, സെമിനാറുകള്‍, പെയിന്റിങ് പ്രദര്‍ശനങ്ങള്‍, പുഷ്പമേള, നാടകോല്‍സവം എന്നിവയാണു സംഘടിപ്പിക്കുക.

മറുനാടന്‍ മലയാളികള്‍ക്കു നാടുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനും കേരളത്തിന്റെ മികവാര്‍ന്ന സംസ്‌കാരം മറുനാടുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും എല്ലാ മറുനാടന്‍ മലയാളികള്‍ക്കും അവരുടെ പ്രതിഭ തെളിയിക്കുന്നതിനുമുള്ള വേദിയായാണ് ആഗോള സാംസ്‌കാരികോല്‍സവം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്കു രണ്ടുകോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ ആദ്യഗഡുവായി 50 ലക്ഷം രൂപ നോര്‍ക്കയ്ക്ക് ഇതിനകം അനുവദിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…