കൊച്ചി: നടനും മിമിക്രി കലാകാരനുമായ അബി (52) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ വച്ചായിരുന്നു മരണം. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് ് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നടന്നു. ‘തൃശ്ശിവപേരൂര്‍ ക്ലിപ്ത’മാണ് അവസാന സിനിമ.
ഇന്ന് രാവിലെ നാല് മണിയോടെയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അബിയെ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പ്രമുഖ സിനിമ താരം ആയ ഷെയ്ന്‍ നിഗം മകനാണ്. മിമിക്രിയിലൂടെ ആയിരുന്നു അബിയുടെ രംഗ പ്രവേശനം. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. മലയാളികള്‍ നെഞ്ചേറ്റിയ താത്ത എന്ന ഹാസ്യകഥാപാത്രത്തിന്റെ ഉപജ്ഞാതാവ് അബിയായിരുന്നു.
മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍ എന്നിങ്ങനെ അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.