സലാല :സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിശദീകരണ യോഗവും ബോധവത്ക്കരണവും കൈരളി സലാലയുടെ ആഭിമുഖ്യത്തില്‍ നടന്നു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി.എം. ജാബിര്‍ പ്രവാസി ക്ഷേമനിധിയെ കുറിച്ച് വിശദികരിച്ചു. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെകുറിച്ചും ഉത്തരവാദിത്വങ്ങളെകുറിച്ചും യോഗത്തില്‍ സംസാരിച്ചു.
പ്രവാസി ക്ഷേമനിധിയുടെ കീഴിലുള്ള വിവിധ പദ്ധതികള്‍ എന്തൊക്കൊ?, ഗുണഭോക്താക്കള്‍ ആരൊക്കെ? തുടങ്ങിയ വിഷയങ്ങള്‍ വിശദികരിച്ചു. വിഷയാവതരണം ഷഹനാസ് ജാബിര്‍, മന്‍സൂര്‍ പട്ടാമ്പി എന്നിവര്‍ നിയന്ത്രിച്ചു. പി.എം. ജാബിറിന്റെ മൂന്ന് ദശാബ്ദത്തിലേറെ നീണ്ട പ്രവാസ ജീവിതത്തിന്റെ അനുഭവകുറിപ്പുകള്‍, ഹാറുണ്‍ റഷീദ് എഴുതിയ ‘ആമുഖമില്ലാത്ത അനുഭവങ്ങള്‍’ മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ അംഗം ഷിബു മുപ്പത്തടം സലാലയിലെ മലയാളി സമുഹത്തിന് പരിചയപെടുത്തി.
കൈരളി പ്രസിഡന്റ് ബാബുരാജ്, മുതിര്‍ന്ന നേതാവ് എ.കെ. പവിത്രന്‍ എന്നിവര്‍ നിയന്ത്രിച്ച യോഗത്തില്‍ പങ്കെടുത്തവരെ കൈരളി ജനറല്‍ സെക്രട്ടറി വിനയകുമാര്‍ സ്വാഗതം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് മന്‍പ്രീത് സിംഗ് ആശംസാ പ്രസംഗത്തില്‍ കൈരളി സലാലയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. കൈരളി എക്സിക്യൂട്ടിവ് അംഗം റിജിന്‍ പി.എം. ചര്‍ച്ചകള്‍ നിയന്ത്രിച്ചു. കൈരളി സലാല ട്രഷറര്‍ കെ.എ. റഹിം നന്ദി പ്രകാശിപ്പിച്ചു.