പമ്പ: മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ശബരിമല നട തുറക്കുമ്പോള്‍ പമ്പയില്‍ പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ സ്റ്റാള്‍ തുറക്കുക പതിവാണ്. ഏജന്‍സി ഓഫീസായിട്ട് പ്രവര്‍ത്തിക്കുന്നതിനാണ് സ്റ്റാള്‍ തുറക്കുന്നത്. ഇവിടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ ഡിസ്പ്ലേയും വില്‍പ്പനയുമുണ്ടാകും. ഇങ്ങത്തെ ഇത്തവണ തുറന്ന ഒരു സ്റ്റാള്‍ കാരണം പുലിവാല്‍ പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. പമ്പയില്‍ വീക്ഷണം ആരംഭിച്ച സ്റ്റാളിന്റെ മുന്നില്‍ മേല്‍ക്കൂരയിലായി ഒരു കുരിശ് സ്ഥാപിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. മലചവിട്ടാനെത്തുന്ന അയ്യപ്പന്മാര്‍ ഈ ‘കുരിശുപള്ളി’ കണ്ട് അന്തം വിട്ടു നില്‍ക്കുകയാണ്. അബദ്ധം പറ്റിയതാണോ അതോ മനഃപൂര്‍വം സ്ഥാപിച്ചതാണോ എന്നും ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് നീക്കണമെന്ന് ചില ഹൈന്ദവ സംഘടനാ നേതാക്കളും ആവശ്യമുന്നയിച്ചു കഴിഞ്ഞു.
ജാതി-മത ചിന്തകള്‍ക്ക് അതീതനാണ് ശാസ്താവ് എന്നാണ് സങ്കല്‍പ്പം. അയ്യപ്പന് തൊട്ടടുത്തു തന്നെ വാവര്‍ നട സ്ഥാപിച്ചിരിക്കുന്നതും അതു കൊണ്ട് തന്നെ. എന്നിരുന്നാലും ചില ഹൈന്ദവ ആചാരങ്ങള്‍ ലംഘിക്കപ്പെടുന്നത് ഇവിടെ തടഞ്ഞിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് എല്ലാവര്‍ഷവും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാംസഭക്ഷണം ഹോട്ടലുകള്‍ വിളമ്പുന്നത് നിരോധിച്ചിരിക്കുകയാണ്. ഇത്തവണ കലക്ടര്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയിട്ടുമുണ്ട്.