മസ്‌കത്ത്: ബ്ലാങ്കറ്റുകൊണ്ട് പൊതിഞ്ഞും കയറുകൊണ്ട് വരിഞ്ഞുകെട്ടിയുമുള്ള ലഗേജുകളുമായി ഇനി ഒമാനിലെ വിമാനത്താവളത്തിലെത്തിയാല്‍ കുടുങ്ങും. ലഗേജ് നിബന്ധനകള്‍ കര്‍ശനമാക്കി ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് കമ്പനി സര്‍ക്കുലര്‍ പുറത്തിറക്കി. മസ്‌കത്ത്, സലാല, സുഹാര്‍ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ വിമാന സര്‍വ്വീസുകള്‍ക്കും കാബിന്‍ ക്ലാസ് വ്യത്യാസമില്ലാതെ പുതിയ നിബന്ധന ബാധകമാകും.
സുരക്ഷയും സുഗമമായ ചെക്ക് ഇന്‍ നടപടികളും ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം. വ്യോമയാന മേഖലയിലെ ആഗോള പ്രവര്‍ത്തന രീതികള്‍ക്ക് അനുസൃതമായി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയും തങ്ങളുടെ ലക്ഷ്യമാണ് അധികൃതര്‍ വ്യക്തമാക്കി. ലഗേജുകള്‍ കൃത്യമായ രൂപത്തിലുള്ളവയല്ലാതിരിക്കുന്നത് കൂടുതല്‍ സുരക്ഷാ പരിശോധന ആവശ്യമുള്ള സമയങ്ങളില്‍ പ്രയാസം സൃഷ്ടിക്കുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.
പരന്ന രൂപത്തിലല്ലാത്ത ബാഗുകളുമായി എത്തുന്നവര്‍ അനുയോജ്യമായ സ്യുട്ട്കേസുകളോ ട്രാവല്‍ ബാഗുകളിലോ റീ പാക്ക് ചെയ്യേണ്ടി വരും. ബേബി സ്ട്രോളറുകള്‍, ബൈ സൈക്കിളുകള്‍, വീല്‍ ചെയറുകള്‍, ഗോള്‍ഫ് എന്നിവക്ക് നിരോധനമില്ലെന്നും എയര്‍പോര്‍ട്ട് മാനേജ്മെന്റ് കമ്പനി വ്യക്തമാക്കി. ഗോള്‍ഫ് ബേഗിനുള്ള നിയന്ത്രണം ഒമാന്‍ എയറും അടുത്തിടെ ഒഴിവാക്കിയിരുന്നു. വിമാന കമ്പനികള്‍, ട്രാവല്‍ ഏജന്‍സികള്‍, ടൂറിസം വെബ്സൈറ്റുകള്‍ തുടങ്ങിയവക്കും അധികൃതര്‍ പുതിയ നിബന്ധന സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരിലേക്ക് വിവരം എത്തിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തും.