ജയ്പുര്‍ :രജപുത്ര രാജ്ഞി റാണി പദ്മാവതിയുടെ കഥ പറയുന്ന ബോളിവുഡ് സിനിമ പദ്മാവതിക്കെതിരെയുള്ള ഭീഷണികള്‍ അവസാനിക്കുന്നില്ല. പദ്മാവതിയായി അഭിനയിക്കുന്ന നടി ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നാണു രാജസ്ഥാനില്‍നിന്നുള്ള സംഘടനയായ കര്‍ണി സേനയുടെ ഭീഷണി. ഇതുകൂടാതെ, ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ ഒന്നിനു രാജ്യവ്യാപകമായി ബന്ദിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരെ രജപുത്രര്‍ കൈ ഉയര്‍ത്തിയിട്ടില്ല. എന്നാല്‍ അങ്ങനെ ചെയ്യേണ്ടിവന്നാല്‍ അതു ദീപികയുടെ നേര്‍ക്കായിരിക്കുമെന്നു കര്‍ണി സേനയുടെ നേതാവു വെളിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നു. ലക്ഷ്മണന്‍ എന്താണോ ശൂര്‍പ്പണഖയോടു ചെയ്തത് അതാവും ദീപികയ്ക്കും അനുഭവിക്കേണ്ടിവരിക. ഞങ്ങളുടെ പിതാമഹന്‍മാര്‍ രക്തം കൊണ്ടാണു ചരിത്രത്തെ എഴുതിയത്. അതിനെ കറുപ്പിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും വിഡിയോയില്‍ പറയുന്നു.
ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടു സെന്‍സര്‍ ബോര്‍ഡിനു രക്തം കൊണ്ട് ഒപ്പിട്ടു കത്തയയ്ക്കുമെന്ന് ഒരു സംഘമാളുകള്‍ ഭീഷണിയുയര്‍ത്തിയിരുന്നു.
വെള്ളിയാഴ്ചയ്ക്കുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 14-ാം നൂറ്റാണ്ടില്‍ റാണി പദ്മാവതി താമസിച്ചിരുന്ന ചരിത്രപരമായ ചിറ്റോര്‍ഗഡ് കോട്ടയിലേക്കു വിനോദസഞ്ചാരികളെ കടത്തിവിടാന്‍ അനുവദിക്കില്ലെന്നും കര്‍ണി സേനയുടെ ഭീഷണിയുണ്ട്. ഈയാഴ്ച ആദ്യം രാജസ്ഥാനിലെ കോട്ടയില്‍ കര്‍ണി സേനയുടെ അംഗങ്ങള്‍ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയറ്ററിന്റെ ടിക്കറ്റ് വിന്‍ഡോയും സമീപത്തെ കടകളും അടിച്ചുതകര്‍ത്തിരുന്നു.
പ്രതിഷേധക്കാരെ ശക്തമായി നേരിടാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുമ്പോള്‍ ചിത്രത്തിന്റെ റിലീസ് സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നു കാട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്രത്തിനു കത്തെഴുതുകയും ചെയ്തു.