ഇറാഖിലെ ഭൂചലനം: മരണം 130 ആയി: ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ ചലനം

0 second read

ബാഗ്ദാദ്: ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂര്‍വേഷ്യയെ വിറപ്പിച്ചു. ഇറാഖ് അതിര്‍ത്തിയോടു ചേര്‍ന്ന സല്‍മാനിയ ആണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കുവൈത്ത്, യുഎഇ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ഇറാനിലും ഇറാഖിലുമായി ഇതുവരെ 130 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മൂന്നു മിനിറ്റോളം നീണ്ടു നിന്നതിനാല്‍ മരണസംഖ്യ കൂടാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പ്രാദേശിക സമയം രാത്രി ഒന്‍പതരയോടെയാണു കുവൈത്തിന്റെ പലഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ കെട്ടിടങ്ങളിലെ ജനല്‍ ചില്ലകള്‍ തകര്‍ന്നു വീണു. താമസക്കാര്‍ കെട്ടിടങ്ങളില്‍ നിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിന്‍താസ് തുടങ്ങിയ ഇടങ്ങളിലാണു കൂടുതല്‍ തീവ്രത അനുഭവപ്പെട്ടത്. ഷാര്‍ജയിലും ദുബൈയിലും ഇതിന്റെ പ്രകമ്പനമുണ്ടായി. ഇറാനില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ എട്ടു ഗ്രാമങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

മണ്ണിടിച്ചില്‍ ഉണ്ടായി റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തക സംഘത്തിനു ദുരന്തബാധിത പ്രദേശങ്ങളിലെത്താന്‍ താമസം നേരിട്ടിരുന്നു. റെഡ് ക്രസന്റിന്റെ 30 സംഘങ്ങളാണു ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇറാഖിലെ സുലൈമാനിയ പ്രവിശ്യയില്‍ വീടുകള്‍ തകര്‍ന്നതിനെത്തുടര്‍ന്നു പരിഭ്രാന്തരായ ജനങ്ങള്‍ നഗരത്തിലേക്ക് ഇറങ്ങിയോടുന്നതു കണ്ടതായി രാജ്യാന്ത വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

2003ല്‍ ഇറാനിലെ ബാമിലുണ്ടായ ഭൂകമ്പത്തില്‍ 31,000 പേരാണു കൊല്ലപ്പെട്ടത്. പിന്നീട് 2005ല്‍ 600 പേരും 2012ല്‍ 300 പേരും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടു.

യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ ചലനം

ദുബായ് ഇറാഖിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ ചലനമുണ്ടായി. ഇറാഖിലെ തെക്ക് കിഴക്കന്‍ നഗരമായ സുലൈമാനിയയിലാണ് ഇന്നലെ(ഞായര്‍) രാത്രി 7.3 മാഗ്‌നിറ്റിയൂഡില്‍ ഭൂചലനം അനുഭവപ്പെട്ടത്. ആറ് പേര്‍ മരിച്ചതായും ഒട്ടേറെ ഗ്രാമങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എന്നാല്‍ തുടര്‍ ചലനം യുഎഇയിലടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. ദുബായ് ഖിസൈസിലും മറ്റും ആളുകള്‍ ആശങ്കയോടെ കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി നിന്നു.

കുവൈത്തിലാണ് തുടര്‍ ചലനം ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്. കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി നിന്ന ആളുകള്‍ ഇനിയെന്താണ് സംഭവിക്കുക എന്നറിയാതെ ഏറെ നേരം റോഡരികുകളില്‍ ചെലവിട്ടു. ഇറാന്‍, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍, ഇസ്രായീല്‍, അര്‍മേനിയ, അസര്‍ബൈജന്‍, ജോര്‍ജിയ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ സംഭവം പോസ്റ്റ് ചെയ്തതില്‍ നിന്ന് വ്യക്തമാകുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…