കസബ്: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കരയിലും കടലിലും സഞ്ചരിക്കുന്ന ബസ് സര്‍വീസ് കഴിഞ്ഞ മാസം 30നാണ് തുടക്കം കുറിച്ചത്. മുസന്ദം ഗവര്‍ണറേറ്റിലെ കസബ് ഒമാന്റെ ദ്വീപുകളില്‍ പ്രധാനപ്പെട്ടതും യുഎഇയില്‍ നിന്ന് കരമാര്‍ഗം കടല്‍പ്പാലം വഴി സഞ്ചരിക്കാവുന്നതുമായ പ്രദേശമാണ്. ജനസംഖ്യ കുറഞ്ഞ ദ്വീപില്‍ വിനോദ സഞ്ചാരികള്‍ വര്‍ധിച്ചുവരികയാണ്.
മുതിര്‍ന്നവര്‍ക്ക് 10 റിയാലും കുട്ടികള്‍ക്കും അഞ്ച് റിയാലുമാണ് നിരക്ക്. രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്കാണ് അഞ്ച് റിയാല്‍ ടിക്കറ്റ് ലഭിക്കുക. 90 മുനിട്ടാണ് ആകെ ബസ് യാത്രയുടെ സമയം. ഇതില്‍ 45 മിനുട്ട് കസബിലെ കരയിലും 45 മിനുട്ട് കടലിലും സഞ്ചരിക്കും. ബസിലെ തൊഴിലാളികള്‍ക്ക് പുറമെ 34 പേര്‍ക്കാണ് ഒരു സമയം ബസില്‍ സഞ്ചരിക്കാന്‍ സാധിക്കുക.
മസ്‌കത്തില്‍ നിന്ന് 570 കിലോമീറ്റര്‍ അകലെയുള്ള കസബ് ദ്വീപ് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. അയല്‍ രാജ്യമായ യു എ ഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍ കസബിലെത്തുന്നത്. യുഎഇ സ്വദേശികള്‍ അവധിക്കാലം ചെലവഴിക്കാന്‍ തിരഞ്ഞെടുക്കുന്ന പ്രധാന കേന്ദ്രം കൂടിയാണ് കസബ് ദ്വീപ്.
ഗോള്‍ഡന്‍ കോസ്റ്റ് ട്രാവല്‍ ആന്റ് ടൂറിസം കമ്പനിയാണ് വാട്ടര്‍ ബസ് സര്‍വീസിന് പിന്നില്‍. കസബിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജനറല്‍ മാനേജര്‍ അബ്ദുര്‍റഹ്മാന്‍ അഹ്മദ് അല്‍ മുല്ല പറഞ്ഞു.