അധ്യാപകര്‍ക്ക് ആനന്ദം: വിദ്യാര്‍ഥികള്‍ വഴിയാധാരം

0 second read

അജോ കുറ്റിക്കന്‍

ഇടുക്കി: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കൂട്ട സ്ഥലംമാറ്റ ഉത്തരവ് അധ്യാപകര്‍ക്ക് അനുഗ്രഹവും വിദ്യാര്‍ഥികള്‍ക്ക് ദുരിതവുമായി മാറുന്നു. ആഗസ്തില്‍ നടക്കേണ്ട സ്ഥലമാറ്റം ഇപ്പോള്‍ നടത്തിയതാണ് വിദ്യാര്‍ഥികള്‍ക്ക് ദുരിതമായത്. അധ്യാപകരുടെ സ്ഥലംമാറ്റം വിദ്യാര്‍ഥികളുടെ പഠനത്തെ സാരമായി ബാധിച്ചു. അധ്യാപകരുമായുള്ള വിദ്യാര്‍ഥികളുടെ സൗഹൃദാന്തരീക്ഷവും തകര്‍ത്തു. ഇന്നലെ മുതല്‍ നടക്കേണ്ടിയിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകളും പല സ്‌കൂളുകളിലും നടന്നിട്ടില്ല. സ്ഥലം മാറ്റം ലഭിച്ച അധ്യാപകര്‍ സ്‌കൂളില്‍ എത്താത്തതാണ് പരീക്ഷ മാറ്റിവെക്കാന്‍ കാരണമായതെന്നാണ് സൂചന. നാലുവര്‍ഷത്തിന് ശേഷമുള്ള ജനറല്‍ ട്രാന്‍സഫര്‍ ആണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. സ്ഥലമാറ്റത്തിനെതിരെ പി.ടി.എയും രക്ഷിതാക്കളും ശക്തമായി രംഗത്ത് എത്തിയെങ്കിലും അധ്യാപക സംഘടനകള്‍ സ്ഥലംമാറ്റത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

പരീക്ഷകളില്‍ കുട്ടികള്‍ക്ക് നിരന്തര മൂല്യനിര്‍ണ്ണയം (സി.ഇ.) മാര്‍ക്ക് നല്‍കുന്നതിനും അധ്യാപകര്‍ക്ക് സ്ഥലം മാറ്റം തടസമാകും. നിലവില്‍ ഇതുവരെയുള്ള കുട്ടികളുടെ മികവിന് അനുസരിച്ച് സ്ഥലംമാറ്റമുള്ള അധ്യാപകര്‍ സി.ഇ. മാര്‍ക്ക് രേഖപ്പെടുത്തനാണ് നിശ്ചിയിട്ടുള്ളത്. എന്നാല്‍ ഇത് എത്രത്തോളം പ്രവര്‍ത്തികമാകുമെന്ന ആശങ്കയും അധ്യാപകര്‍ക്കുണ്ട്. നിലവില്‍ വി.എച്ച്.എസ്.സിയിലെ പാഠഭാഗങ്ങള്‍ പകുതിയോളം പൂര്‍ത്തിയായി കഴിഞ്ഞു. പഠനത്തില്‍ നിന്ന് പിന്നോക്കം പോകുന്ന വിദ്യാര്‍ഥികളെ കൂടുതല്‍ ശ്രദ്ധിച്ച് മികച്ച പഠന നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ട സമയത്താണ് കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്ത് ഏതാണ്ട് 2500 ഓളം സ്ഥിരം അധ്യാപകരാണ് വി.എച്ച്.എസ്.ഇ. യില്‍ ഉള്ളത്. 28000 ത്തോളം വിദ്യാര്‍ഥികളും പഠിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥലം മാറ്റം നടത്താത്തിനാല്‍ പല അധ്യാപകരും മറ്റുജില്ലകളിലാണ് ജോലി ചെയ്തുവന്നിരുന്നത്. ഇവര്‍ക്ക് ഈ സ്ഥലം മാറ്റം കൂടുതല്‍ അനുഗ്രഹമാകും. എന്നാല്‍ സ്വന്തം നാട്ടില്‍ നിന്നും മറ്റുജില്ലകളിലേക്ക് വന്ന അധ്യാപകരും നിരവധിയുണ്ട്. സ്‌കൂള്‍ കലോത്സവങ്ങള്‍ ആരംഭിക്കുന്നതോടുകൂടി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ക്ലാസുകളുടെ എണ്ണവും കുറയും. പുതിയ അധ്യാപകരായതിനാല്‍ വിദ്യാര്‍ഥികളുമായി പൊരുത്തപ്പെട്ടുവരാനും താമസമെടുക്കും. ഒരു വര്‍ഷം തുടര്‍ച്ചയായി ക്ലാസെടുത്താല്‍ മാത്രമെ കുട്ടികളുടെ പഠനനിലവാരം അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് അധ്യാപകര്‍ തന്നെ വെളിപ്പെടുത്തുന്നു. സ്‌കൂളുകളില്‍ സ്ഥലം മാറി എത്തുന്ന പുതിയ അധ്യാപകര്‍ സംശയം ദുരീകരിക്കാന്‍ നില്‍ക്കാതെ പാഠഭാഗങ്ങള്‍ എടുത്തു തീര്‍ക്കാനാകും ശ്രമിക്കുക എന്ന് വിദ്യാര്‍ഥികളും ആശങ്ക പങ്കുവെയ്ക്കുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര…