അടൂര്‍:മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി അടൂര്‍ നഗരത്തില്‍ വൈദ്യന്‍സ് സില്‍ക്‌സ് കടയുടമയുടെ മണ്ണെടുപ്പിനെ തുടര്‍ന്ന് നാല് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്ക്. കഴിഞ്ഞ പതിനാല് ദിവസമായി കരിക്കിനേത്ത് സില്‍ക്‌സ് ഗലേറിയോയ്ക്ക് സമീപമുള്ള വൈദ്യന്‍സ് സില്‍ക്ക്‌സ് ഉടമയുടെ ഒരേക്കര്‍ ഭൂമിയിലാണ് മണ്ണെടുപ്പ് നടക്കുന്നത്. രാവും പകലും ഇല്ലാതെയാണ് ഇവുടുത്തെ മണ്ണെടുപ്പ്. പുറത്ത് ആളുകള്‍ കാണാതിരിക്കുന്നതിനായി വലിയ വലഷീറ്റ് കൊണ്ട് സ്ഥലം മറച്ചാണ് മണ്ണെടുപ്പ് നടത്തുന്നത്. ടിപ്പര്‍ ലോറികള്‍ പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണ് കവാടത്തിന്റെ വാതില്‍ തുറക്കുന്നത്.
നഗരകോലാഹലങ്ങള്‍ക്കിടയില്‍ മണ്ണെടുക്കുന്ന ശബ്ദവും പുറത്തറിയുകയില്ല, ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് വൈദ്യന്‍സ് ഉടമ ജിയോളജിക്കല്‍വകുപ്പിലെ ചിലരെ സ്വാധീനിച്ച് നാണൂറ് ലോഡ് മണ്ണിന്റെ പാസ് സംഘടിപ്പിച്ചെടുത്തത്. ഇതിനുമറവില്‍ നാലായിരത്തിലധികം ലോഡ് മണ്ണ് കടത്തിയതായാണ് പ്രാധമിക നിഗമനം. . അടൂര്‍ വില്ലേജിന്റെ പരിധിയില്‍പ്പെട്ടതാണ് ഈ ഭൂമി. ഇവിടെ നിന്ന് ലോറിയില്‍ കൊണ്ടുപോയ മണ്ണ് റോഡിലേക്ക് കൊഴിഞ്ഞുവീണ് കെ. പി.റോഡിന്റെ നൂറ് മീറ്ററോളം ചെളിയില്‍പൂണ്ട നിലയിലാണ്.
ബുധനാഴ്ച രാവിലെ നാലോളം ബൈക്ക് യാത്രക്കാര്‍ റോഡിലേക്ക് മറിഞ്ഞ് പരുക്ക്പറ്റുകയുണ്ടായി. തുടര്‍ന്ന്‌നാട്ടുകാര്‍ മണ്ണെടുപ്പ് തടഞ്ഞ് കെ. പി.റോഡ് ഉപരോധിക്കാന്‍ തുടങ്ങി. പോലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇവര്‍ ഉപരോധത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. സംഭവമറിഞ്ഞ് അടൂര്‍ ആര്‍.ഡി.ഒ സ്ഥലത്തെത്തി സ്ഥലം കണ്ടശേഷം അടൂര്‍ വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തന്നെ ജില്ലാകളക്ടര്‍ക്ക് കൈമാറുമെന്ന് ആര്‍. ഡി.ഒ. പറഞ്ഞു. നാണൂറ് ലോഡിന്റെ പാസിന്റെ മറവില്‍ നാലായിരത്തിലധികം ലോഡ് മണ്ണുകള്‍ കടത്തിയ പോലീസും ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥരും മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.