സിനിമാ സീരിയല്‍ നടി ലക്ഷ്മിപ്രിയ സംവിധായകനെ അസഭ്യം പറഞ്ഞു എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. സംവിധായകന്‍ പ്രസാദ് നൂറനാടാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ.
ലക്ഷ്മി പ്രിയ പറയുന്നതിങ്ങനെ:
സീരിയലിന്റെ സംവിധായകനായ പ്രസാദ് നൂറനാട് വളരെ നിര്‍ബന്ധിച്ചതുകൊണ്ടാണ് താന്‍ ആ സീരിയലില്‍ അഭിനയിക്കാന്‍ തയ്യാറായത്. വിവാഹം കഴിഞ്ഞ് ഏറെക്കാലം കാത്തിരുന്നതിനു ശേഷമാണ് ഞങ്ങള്‍ക്കൊരു മകളെ കിട്ടിയത്. മകള്‍ക്ക് ഏഴുമാസം പ്രായമുള്ളപ്പോഴാണ് പ്രസാദ് ‘അലുവയും മത്തിക്കറിയും’ എന്ന പ്രോഗ്രാമില്‍ അഭിനയിക്കണം എന്നു പറഞ്ഞു വരുന്നത്. കുഞ്ഞുണ്ട്, അവള്‍ക്ക് ശ്വാസതടസ്സം സംബന്ധമായ പ്രശ്‌നങ്ങളുണ്ട് എന്നൊക്കെ പറഞ്ഞ് ഞാന്‍ ഒഴിവാകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രസാദ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ആ സീരിയല്‍ ഏറ്റെടുക്കുകയായിരുന്നു.
രാവിലെ എട്ടുമുതല്‍ ഒമ്പതുവരെയാണ് ഷെഡ്യൂള്‍. സാധാരണ കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകളെയൊക്കെ അവരുടെ വീട്ടിലും റൂമിലും എത്തിച്ചതിനുശേഷമാണ് എന്നെ കൊണ്ടുവിടാറുള്ളത്. അതിലൊന്നും ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. സംഭവം നടക്കുന്നതിന് തലേദിവസം മോള്‍ക്ക് നല്ല സുഖമില്ലായിരുന്നു. പനിയും ചര്‍ദ്ദിയുമൊക്കെയുണ്ടായിരുന്നു. എന്നിട്ടും പിറ്റേന്ന് ഞാന്‍ ലൊക്കേഷനിലെത്തി. കൂടെയുണ്ടായിരുന്ന രണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് അടുത്ത ഷെഡ്യൂളില്‍ എത്താന്‍ കഴിയില്ലെന്നു പറഞ്ഞതിനാല്‍ ഷൂട്ടിങ് നീണ്ടു.
9.30 മുതല്‍ എന്റെ ഫോണില്‍ തുടര്‍ച്ചയായി കോള്‍ വരുന്നുണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ റൂമില്‍ ചെന്നു നോക്കിയപ്പോള്‍ ഭര്‍ത്താവ് ഒരുപാട് തവണ വിളിച്ചിരിക്കുന്നു. തിരിച്ചുവിളിച്ചപ്പോള്‍ കിട്ടുന്നുമില്ല. ഇതേത്തുടര്‍ന്ന് ടെന്‍ഷനിലായ ഞാന്‍ എന്നെ പെട്ടെന്ന് വീട്ടിലെത്തിക്കണമെന്നും മോള്‍ക്ക് അസുഖമാണെന്നും വീട്ടില്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ദിലീപ് എന്നയാളോട് പറഞ്ഞു.
ദിലീപ് ഇക്കാര്യം സംവിധായകനോട് പറഞ്ഞു. ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവിട്ടു പോയാല്‍ പോരേയെന്ന് അയാള്‍ ചോദിച്ചു. ഞാന്‍ കാര്യം വിശദീകരിച്ചു. ഓട്ടോയോ ടൂവീലറോ അറൈഞ്ച് ചെയ്തു തന്നാല്‍ മതിയെന്നും പറഞ്ഞു.
എന്നാല്‍ അയാള്‍ അതൊന്നും ചെവിക്കൊണ്ടില്ല. എന്റെ വിഷമം മനസിലാക്കാനേ ശ്രമിച്ചില്ല. കണ്ടുനിന്നവരും എനിക്കുവേണ്ടി സംസാരിച്ചു. അവരെ കൊണ്ട് വിട്ടോളൂ, ഞങ്ങള്‍ എന്നിട്ട് പൊയ്‌ക്കോളാം എന്നു പറഞ്ഞു. എന്നിട്ടും അയാള്‍ ചെവിക്കൊണ്ടില്ല. ഞാനൊരു അമ്മയാണ് എന്ന് പറഞ്ഞപ്പോള്‍ നിനക്ക് കുഞ്ഞുണ്ടെങ്കില്‍ നീ വീട്ടിലിരിക്കണം എന്നായിരുന്നു പ്രസാദിന്റെ മറുപടി.’