കുവൈത്ത് സിറ്റി: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാലും സീറ്റ്ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാലും രണ്ടുമാസത്തേക്കു കാറുകള്‍ പിടിച്ചുവയ്ക്കും. നടപ്പാതകളിലും പാര്‍ക്കിങ് നിരോധിത മേഖലയിലും നിര്‍ത്തിയിടുന്ന വാഹനങ്ങളും വലിച്ചുകൊണ്ടുപോകും. ഗതാഗതനിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമായി നടപ്പാക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.
നിരീക്ഷണ ക്യാമറകളില്‍ അമിതവേഗം രേഖപ്പെടുത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ വിളിച്ചുവരുത്തുന്നതിനു സാല്‍മിയ മേഖലയില്‍ പ്രത്യേക ഗതാഗത വിഭാഗത്തെ ചുമതലപ്പെടുത്തി. അത്തരം വാഹനങ്ങള്‍ രണ്ടുമാസത്തേക്കു തടഞ്ഞുവയ്ക്കാനും തീരുമാനമുണ്ട്. ഗതാഗതക്കുരുക്കും റോഡപകടങ്ങളും കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കാനാണു തീരുമാനം. വാഹനമോടിക്കുന്നവര്‍ക്ക് ആവശ്യമായ അവബോധം വളര്‍ത്തിയെടുക്കുക എന്നതാണു ലക്ഷ്യം.