ഇറാന്‍ പിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിന്റെ 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാര്‍

16 second read

വാഷിംഗ്ടണ്‍:പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഹോര്‍മൂസ് കടലിടുക്കില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിന്റെ 23 ജീവനക്കാരില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ 18 പേരും ഇന്ത്യക്കാരാണ്. കൂട്ടത്തില്‍ മലയാളികള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. ഇവരെ വിട്ടുകിട്ടാന്‍ ഇറാനുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ഇന്നലെ ന്യൂഡല്‍ഹിയില്‍ അറിയിച്ചു. മറ്റ് ജീവനക്കാര്‍ റഷ്യ,? ഫിലിപ്പൈന്‍സ്,? ലാറ്റ്വിയ പൗരന്മാരാണ്.

സൗദി അറേബ്യയിലേക്ക് പോയ സ്റ്റെനാ ഇംപേരോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ തങ്ങളുടെ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചു എന്നാരോപിച്ചാണ് ഇറാന്‍ സൈന്യമായ റവലൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബള്‍ക്ക് ആണ് കപ്പലിന്റെ ഉടമ.

ഫിഷിംഗ് ബോട്ടിന്റെ അപായ സന്ദേശം അവഗണിച്ച് അന്താരാഷ്ട്ര സമുദ്രഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്‍ അപകടകരമായ വഴിയിലാണെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജറമി ഹണ്ട് മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സും ജര്‍മ്മനിയും ഇറാനെ അപലപിച്ചു. സംഘര്‍ഷം വര്‍ദ്ധിക്കുന്നത് ആപത്കരമാണെന്ന് ജര്‍മ്മനി മുന്നറിയിപ്പ് നല്‍കി. ബ്രിട്ടനുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് യു. എസ് പ്രസിഡന്റ് ട്രംപും പറഞ്ഞു.

അതേസമയം, ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചത് കാരണം എണ്ണവില ബാരലിന് 62 ഡോളറായി വര്‍ദ്ധിച്ചു.
ഇറാന്റെ ഫിഷിംഗ് ബോട്ടില്‍ ബ്രിട്ടീഷ് കപ്പല്‍ ഇടിച്ചെന്നും തുടര്‍ന്ന് നേവിയുടെ കപ്പലും ഹെലികോപ്റ്ററും എത്തി കപ്പല്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. കപ്പല്‍ ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖത്തേക്ക് കൊണ്ടു പോയതായും അന്വേഷണം കഴിയുന്നതു വരെ കപ്പലും ജീവനക്കാരും അവിടെ തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്. കപ്പലിലുള്ളവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് കപ്പല്‍ ഉടമകള്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…